മുസ്ലിം സംവരണം: ജാതി സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചു

മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലിം വിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഇത് സംബന്ധിച്ച പഴയ ഉത്തരവുകളും പരിപ്പത്രങ്ങളും അസാധുവാക്കിക്കൊണ്ട് സാമൂഹിക നീതി വകുപ്പും ന്യൂനപക്ഷ വികസന വകുപ്പും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
സംവരണത്തിനായുള്ള ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാധൂകരിക്കുന്നതുമായ എല്ലാ നടപടികളും ഇതോടെ അവസാനിച്ചു. 2014-ൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാരാണ് മുസ്ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം പ്രഖ്യാപിച്ചത്.
എന്നാൽ തുടർന്ന് വന്ന ബിജെപി സർക്കാർ ഇത് നിയമമാക്കാൻ തയ്യാറായില്ല. സംവരണത്തിനായുള്ള ഓർഡിനൻസ് 2014 ഡിസംബറിൽ തന്നെ കാലഹരണപ്പെട്ടിരുന്നു. ഹൈക്കോടതി വിദ്യാഭ്യാസ മേഖലയിലെ സംവരണം ശരിവെച്ചിരുന്നെങ്കിലും സർക്കാർ നിയമനിർമ്മാണം നടത്താത്തതിനാൽ അത് നടപ്പിലായിരുന്നില്ല.
ഇപ്പോൾ 2014-ലും 2015-ലും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച എല്ലാ ഭരണ ഉത്തരവുകളും സർക്കാർ പൂർണ്ണമായും റദ്ദാക്കുകയായിരുന്നു. സർക്കാരിന്റെ ഈ നടപടി സാങ്കേതികമായ നീക്കമാണെന്നും കാലഹരണപ്പെട്ട ഓർഡിനൻസുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപിയുടെ വാദം.
എന്നാൽ മുസ്ലിം വിഭാഗത്തോടുള്ള വിവേചനമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുസ്ലിം വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്.










0 comments