ad
Deshabhimani

സൈനികർക്ക് ഇനി ഇൻസ്റ്റഗ്രാം ഉപയോഗിക്കാം; നിയന്ത്രണത്തിൽ മാറ്റവുമായി ഇന്ത്യൻ സൈന്യം

Indian Army.jpg
വെബ് ഡെസ്ക്

Published on Dec 25, 2025, 01:24 PM | 1 min read

ന്യൂഡൽഹി: സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ സൈന്യം. ഇനി മുതൽ സൈനികർക്ക് ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ കാണാനും നിരീക്ഷിക്കാനും അനുവാദമുണ്ടാകും.


എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയുന്നതിനും അവ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനുമാണ് പുതിയ ഇളവ് നൽകിയിരിക്കുന്നത്.


കമ്പ്യൂട്ടർ അധിഷ്ഠിത യുദ്ധമുറകളും വ്യാജ പ്രചരണങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ സൈനികർക്ക് ഓൺലൈൻ ലോകത്തെ മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം വിലയിരുത്തുന്നു.


അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും 'നിശബ്ദ കാഴ്ചക്കാർ' ആയി മാത്രമേ സൈനികർക്ക് തുടരാനാകൂ. പോസ്റ്റുകൾ ഇടാനോ സ്റ്റോറികൾ പങ്കുവെക്കാനോ പാടില്ല. ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ അനുവാദമില്ല.


യൂണിഫോമിലുള്ള ചിത്രങ്ങളോ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങളോ ഒരു കാരണവശാലും പങ്കുവെക്കരുത്. വിപിഎൻ വഴിയുള്ള ഉപയോഗവും നിരോധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി വിദേശ ഏജൻസികൾ സൈനികരെ 'ഹണിട്രാപ്പിൽ' കുടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് 2020-ൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള 89 ആപ്പുകൾക്ക് സൈന്യം നിരോധനം ഏർപ്പെടുത്തിയത്.


സുരക്ഷാ ഭീഷണിയും വിവരങ്ങൾ ചോരാനുള്ള സാധ്യതയും കണക്കിലെടുത്തായിരുന്നു ഈ നീക്കം. ഇതിൽ നിന്നുമാണ് ഇപ്പോൾ ഭാഗികമായ മാറ്റം വരുത്തിയിരിക്കുന്നത്. എക്സ് , യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും സമാനമായ രീതിയിലുള്ള 'വ്യൂ ഒൺലി' സൗകര്യം സൈനികർക്ക് ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home