ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് ദ്വീപുസമൂഹത്തിന്റെ ഭാഗമായ നിക്കോബാർ മേഖലയിൽ ഭൂമി കുലുങ്ങിയത്.
റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ലാംഗ്വിറ്റ്യൂഡ് 92.78 ഈസ്റ്റിലും ലാറ്റിറ്റ്യൂഡ് 9.03 നോർത്തിലുമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്.
ഭൂചലനത്തിൽ ഇതുവരെയും ജീവഹാനിയോ ആസ്തി നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയുടെ ഭൂകമ്പ സാധ്യത മേഖലകളിൽ ഏറ്റവും അപകടസാധ്യതയുള്ള 'സീസ്മിക് സോൺ 5' വിഭാഗത്തിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടുന്നത്.
അതിനാൽ തന്നെ മേഖലയിൽ ചെറുതും വലുതുമായ ഭൂചലനങ്ങൾ പതിവാണ്. ഇതേ ദിവസം പുലർച്ചെ തന്നെ ജമ്മു കശ്മീരിലെ ബാരാമുള്ളയിലും സമാനമായ തീവ്രതയുള്ള (4.7) ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ആൻഡമാനിലെ തിരച്ചിൽ തുടരുകയാണെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.











0 comments