ad
Deshabhimani

വന്ദേമാതര ആലാപനം: പൗരൻമാരുടെ മൗലികാവകാശവും സ്വാതന്ത്ര്യവും ലംഘിക്കാനാവില്ലെന്ന് സുപ്രീം കോടതി

t m krishana sc
വെബ് ഡെസ്ക്

Published on Sep 22, 2026, 05:15 PM | 2 min read

ന്യൂഡൽഹി: ജനാധിപത്യ സര്‍ക്കാരുകൾക്ക് ദേശീയഗീതത്തിന്റെ പരിധിയും ദൈര്‍ഘ്യവും നിശ്ചയിക്കാമെങ്കിലും പൗരൻമാരുടെ മൗലികാവകാശവും വിശ്വാസ സ്വാതന്ത്ര്യവും ലംഘാക്കാനാവില്ലെന്ന് സുപ്രീം കോടതി. മാത്രമല്ല അത് വ്യക്തികളുടെയോ സമുദായങ്ങളുടെയോ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതോ ആലപിക്കാൻ വിസമ്മതിക്കുന്ന വിശ്വാസികളെ ശിക്ഷാനടപടികൾക്ക് വിധേയമാക്കുന്നതോ ആകരുതെന്നും കോടതി വ്യക്തമാക്കി.


ദേശീയ ഗീതത്തന്റെ പേരിൽ വന്ദേമാതരത്തിന്റെ മുഴുവൻ ചരണങ്ങളും നിയമപരമായി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ വ്യവസ്ഥ ചോദ്യം ചെയ്ത് പ്രശസ്ത സംഗീതജ്ഞൻ ടി എം കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയിൽ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.


ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തി സ്വാതന്ത്ര്യവും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ച 1986 ലെ പ്രശസ്തമായ 'ബിജോയ് ഇമ്മാനുവൽ vs സ്റ്റേറ്റ് ഓഫ് കേരള' കേസിലെ വിധി ഇപ്പോഴും നിലനിൽക്കുന്ന ഒന്നാണെന്നും കോടതി പറഞ്ഞു.


നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമൻഡ്മെന്റ്) ആക്ട് 2026', ന് തുടര്‍ച്ചയായി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ ചോദ്യം ചെയ്താണ് ടി എം കൃഷ്ണയുടെ ഹര്‍ജി. മുതിർന്ന അഭിഭാഷകരായ എസ് മുരളിധർ, പ്രസന്ന എസ് എന്നിവർ ഹർജിക്കാരനുവേണ്ടി ഹാജരായി.



പൊതുപരിപാടികളിൽ ദേശീയഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും നിർബന്ധമായും ആലപിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇത് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവോ പിഴയോ ലഭിക്കാം. അവസാനത്തെ നാല് ചരണങ്ങൾ ദൈവാരാധനയും പ്രത്യേക മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതുമാണ്. ഇതിന്റെ നിർബന്ധിത ആലാപനം ഭരണഘടനയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും ചില വിഭാഗങ്ങളിൽ ഭൂരിപക്ഷ മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.



ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ലംഘിക്കാനോ, വന്ദേമാതരത്തിലെ മുഴുവൻ ഭാഗങ്ങളോ അല്ലെങ്കിൽ ചില ഭാഗങ്ങളോ ആലപിക്കാൻ മനഃസാക്ഷിപരമായ എതിർപ്പുള്ളവരെ (Conscientious objectors) ക്രിമിനൽ നടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു. 2026 ൽ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയും ഉത്തരവുകളും പൗരൻമാരുടെ മൗലികാവകാശങ്ങളെയും മനസാക്ഷിപരമായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്നുണ്ടോ എന്ന് വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home