ad
Deshabhimani

പ്രണയം നിരസിച്ചു, പരാതി നൽകിയതിൽ വൈരാ​ഗ്യം; അധ്യാപികയെ തീകൊളുത്തി വിദ്യാർഥി

student set teacher on fire
വെബ് ഡെസ്ക്

Published on Aug 20, 2025, 05:33 PM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിൽ മുൻ അധ്യാപികയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് 18കാരൻ. 26 കാരിയായ ഗസ്റ്റ് ടീച്ചറെയാണ് യുവാവ് തീ കൊളുത്തിയത്. മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ എക്സലൻസ് സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. പൂർവ വിദ്യാർഥിയായ സൂര്യൻഷ് കോച്ചറാണ് പ്രതി. വിദ്യാർഥിക്കെതിരെ അധ്യാപിക നൽകിയ പരാതിയെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.


പ്രതി ഒരു കുപ്പി നിറയെ പെട്രോളുമായി അധ്യാപികയുടെ വീട്ടിലെത്തി. ഒന്നും പറയാതെ ഇയാൾ അധ്യാപികയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.


സൂര്യൻഷ് അധ്യാപികയോട് നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർഥിയെ പുറത്താക്കി. ഇതോടെ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തിനെതിരെ അധ്യാപിക പരാതി നൽകിയിരുന്നുവെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിഒപി) മനോജ് ഗുപ്ത പറഞ്ഞു. തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഐപിസി 124എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home