'ആര് ബഹളം വച്ചാലും ഈ രീതികൾ തുടരും': പ്രതിഷേധങ്ങളോട് ഏകാധിപത്യമനോഭാവവുമായി മോദി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളോട് ഏകാധിപത്യമനോഭാവത്തിലുള്ള പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര് എന്തൊക്കെ ബഹളം വച്ചാലും തന്റെ പ്രവർത്തന രീതി തുടരുമെന്ന് മോദി പറഞ്ഞു.
പത്താമത് മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രധിഷേധം ഉയരുമ്പോഴും മോദി മൗനം പാലിക്കുകയായിരുന്നു. പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസ് സേനയെ വിന്യസിച്ചിട്ട് മോദി മൗനം പാലിക്കുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.
അതേസമയം, ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായി തെരുവിലിറങ്ങിയ ഇന്ത്യ കൂട്ടായ്‌മ എംപിമാരെയും പ്രവർത്തകരെയും പൊലീസ് തല്ലിച്ചതച്ചു. ബുധനാഴ്‌ച ജന്തർമന്തറിലേക്ക് സമാധാനപരമായി മാർച്ച് ചെയ്‌ത ജനപ്രതിനിധികളെ നേരിടാൻ 15,000ത്തിലധികം പൊലീസുകാർക്കുപുറമേ 221 കന്പനി കേന്ദ്ര സായുധ സേനാ പൊലീസിനെയും വിന്യസിച്ചു.
സിആർപിഎ-ഫ്, ആർഎഎഫ്, ബിഎസ്‌എഫ്, സിഐഎസ്‌എഫ്, -ഐടിബിപി അടക്കമുള്ള സുരക്ഷാസേനകളുടെ അടിച്ചമർത്തൽ നിർഭയം നേരിട്ട് ഡൽഹിയിൽ പ്രക്ഷോഭം പടരുകയാണ്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് ജന്തർ മന്തർ ലക്ഷ്യമിട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നീങ്ങിയ ജനപ്രതിനിധികൾ അടക്കമുള്ള പ്രക്ഷോഭകർക്കു നേരെ ആദ്യംമുതൽ ബലപ്രയോഗത്തിനാണ് ഡൽഹിപൊലീസും കേന്ദ്ര സുരക്ഷാ സേനയും ശ്രമിച്ചത്.
പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ കൂട്ടായ്‌മ തീരുമാനം. എംപിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശിച്ചു. പ്രതിഷേധങ്ങൾ തടയാൻ മോദി സർക്കാർ ജന്തർമന്തർ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഡൽഹിയാകെ ജന്തർമന്തറാകുകയാണ്.









0 comments