print edition ചീഫ് ജസ്റ്റിസിനുള്ള ക്ഷണം പിൻവലിക്കണമെന്ന് വിദ്യാർഥികൾ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനും ബാർ കൗൺസിൽ ചെയർമാൻ മനൻകുമാർ മിശ്രയ്ക്കും ബിരുദദാന ചടങ്ങിലേക്കുള്ള ക്ഷണം പിൻവലിക്കണമെന്ന് ഹൈദരാബാദ് നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്‌എആർ) വിദ്യാർഥികൾ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. 2026 ബാച്ചിന്റെ എൻറോളിങ് വിലക്കി നിർദേശം പുറപ്പെടുവിക്കുകയും വിമർശനമുയർന്നതോടെ പിൻവലിക്കുകയും ചെയ്‌ത മനൻകുമാർ മിശ്ര മാപ്പുപറയണമെന്ന് നിലവിലെ വിദ്യാർഥികളും മുൻവിദ്യാർഥികളും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായ ബാർ കൗൺസിൽ ആവിഷ്‌കാര സ്വതന്ത്ര്യത്തെ കടന്നാക്രമിച്ചുവെന്ന് പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. ഡൽഹിയിലടക്കം രാജ്യത്തെ പൊരുതുന്ന വിദ്യാർഥികളോടുള്ള ഐക്യദാർഢ്യം തുടരും. ജന്തർമന്തറിൽ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ചതിനെതിരെ നൽകിയ ഹർജി കേൾക്കാൻ സമയമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ബിരുദദാന ചടങ്ങിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
വാക്കോ പ്രവൃത്തിയോ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചുവെങ്കിൽ മാപ്പുചോദിക്കുന്നതായി വിദ്യാർഥികളുടെ പ്രസ്‌താവനയ്ക്ക് പിന്നാലെ മനൻകുമാർ മിശ്ര പറഞ്ഞു.










0 comments