ad
Deshabhimani

print edition അസം ബിജെപി സർക്കാരിന്റെ "വികസന' മാതൃക; മുസ്ലിങ്ങളെ കുടിയിറക്കി ഭൂമി അദാനിക്ക്‌ നൽകി

Assam Bjp Government
വെബ് ഡെസ്ക്

Published on Sep 22, 2026, 01:02 AM | 1 min read

ന്യൂഡൽഹി: അസമിലെ ദ്രുബി ജില്ലയിൽ 1400 മുസ്ലീം കുടുംബങ്ങളെ ബലമായി കുടിയൊഴിപ്പിച്ച സ്ഥലം താപവൈദ്യുതിനിലയ നിർമാണത്തിനായി അദാനി ഗ്രൂപ്പിന്‌ കൈമാറി. താപവൈദ്യുതി നിലയത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ്മ നിർവഹിച്ചു. 2025 ജൂലൈയിലാണ്‌ ദ്രുബി ജില്ലയിലെ ചരുവബക്ര, ചിരാകുട, സന്തോഷ്‌പ്പുർ ഗ്രാമങ്ങളിലെ 1400 മുസ്ലീം കുടുംബങ്ങളെ ബലമായി സർക്കാർ ഒഴിപ്പിച്ചത്‌. 1157 ഏക്കറിലായാണ് നാല്‌ ദശകത്തോളമായി 1500 കുടുംബങ്ങൾ താമസിച്ചിരുന്നത്‌. സർക്കാർ ഭൂമി കയ്യേറിയവർ എന്നാരോപിച്ചായിരുന്നു ഒഴിപ്പിക്കൽ. കുടിയൊഴിപ്പിക്കപ്പെട്ട പകുതിയോളം പേർക്ക്‌ പട്ടയം അടക്കം ഭൂരേഖകളുണ്ടായിട്ടും നഷ്‌ടപരിഹാരമൊന്നം നൽകിയില്ല.


പുനരധിവാസത്തിനായി ദ്രുബി ജില്ലയിലെ ബൊയ്‌ജർ അൽഗയിൽ 180 ഏക്കർ അനുവദിച്ചെങ്കിലും വാസയോഗ്യമല്ലാത്തതിനാൽ ആരും മാറിയില്ല. ബ്രഹ്‌മപുത്രയോട്‌ ചേർന്നുള്ള ഇ‍ൗ സ്ഥലം എല്ലാ വർഷവും പ്രളയത്തിൽ മുങ്ങും. അതിനാൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇപ്പോഴും ഭൂരഹിതരാണ്‌. കുടിയൊഴിപ്പിച്ച സ്ഥലം അസം വൈദ്യുതി വിതരണ കമ്പനിക്കാണ്‌ സംസ്ഥാന സർക്കാർ കൈമാറിയത്‌. പിന്നീടത്‌ താപവൈദ്യുതി നിലയ നിർമാണത്തിനായി അദാനി ഗ്രൂപ്പിന്‌ നൽകി. പദ്ധതി സ്ഥലത്ത്‌ ജനവാസമില്ലെന്നും അതുകൊണ്ട്‌ നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും ആവശ്യമില്ലെന്നുമാണ്‌ സംസ്ഥാന സർക്കാർ പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചത്‌. 3200 മെഗവാട്ട്‌ ശേഷിയുള്ള പദ്ധതിയാണ്‌ അദാനി ഇവിടെ സ്ഥാപിക്കാൻ പോകുന്നതെന്ന് ഹിമന്ത ബിസ്വ അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home