മുംബൈയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ടണലിനുള്ളിൽ കാർ തീപിടിച്ചു കത്തുന്ന നിലയിൽ| Photo: NDTV
മുംബൈ : മുംബൈയിലെ പ്രശസ്തമായ തീരദേശ റോഡിലെ (കോസ്റ്റൽ റോഡ്) അടിപ്പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.25ഓടെ ഹാജി അലിയിൽ നിന്ന് വർളിയിലേക്ക് പോകുന്ന ടണലിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ടണലിനുള്ളിൽ കുടുങ്ങിയ യാത്രക്കാർക്കിടയിൽ ഇത് വലിയ പരിഭ്രാന്തി പരത്തി.
കാറിൽ നിന്ന് തീ പടർന്നതോടെ ടണലിനുള്ളിൽ കനത്ത പുക ഉയർന്നു. ഹോളിവുഡ് ദുരന്ത സിനിമകളെ ഓർമിപ്പിക്കുന്ന രംഗങ്ങൾക്കാണ് ടണൽ സാക്ഷ്യം വഹിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സെക്കൻഡുകൾക്കുള്ളിൽ ഗതാഗതം പൂർണമായി തടസപ്പെടുകയും ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടാൻ തുടങ്ങുകയും ചെയ്തു.
മുംബൈ ഫയർ ഫോഴ്സ്, പോലീസ്, 108 ആംബുലൻസ് സർവീസ് എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുപത് മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീ അണച്ചതിന് ശേഷം ടണലിലൂടെയുള്ള വാഹനഗതാഗതം പുനഃസ്ഥാപിച്ചു. ടണലുകൾക്കുള്ളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങളും അപകട സൂചന ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യമുയർന്നു.











0 comments