print edition പുകമഞ്ഞിൽ കാഴ്ച മറഞ്ഞു; മുംബൈ– ഡൽഹി എക്സ്പ്രസ് വേയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 4 മരണം

ഗുഡ്‍ഗാവ്: കനത്ത പുകമഞ്ഞിൽ കാഴ്ചമറഞ്ഞ് മുംബൈ – ഡൽഹി എക്സ്പ്രസ് വേയിൽ ഇരുപതിലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സിഐഎസ്‍എഫ് ഇൻസ്‍പെക്ടര്‍ അടക്കം നാലുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ വിവിധയിടങ്ങളിലാണ് സംഭവം. ഹരിയാന നൂഹില്‍ രണ്ട് ട്രക്കുകളാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നാലെ മറ്റൊരു ട്രക്ക് ഈ വാഹനങ്ങളിലിടിച്ച് മറിഞ്ഞതോടെ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടത്തോടെ ഇടിക്കുകയായിരുന്നു.
രാജസ്ഥാൻ അൽവാര്‍ അംബേദ്കര്‍ നഗര്‍ സ്വദേശി ഹരിഷ്‍കുമാര്‍ (38) ആണ് മരിച്ച സിഐഎസ്എഫ് ഇൻസ്‍പെക്‍ടര്‍. കാറ്‍ കൂട്ടിയിടിച്ച് രാജസ്ഥാൻ ജയ്‍പുര്‍ സ്വദേശി ഖലിലും (45) മരിച്ചു. ഡൽഹി – മുംബൈ എക്സ്പ്രസ് വേയിൽതന്നെ ഫരീദാബാദിൽ നിര്‍ത്തിയിട്ട ട്രക്കിൽ കാര്‍ ഇടിച്ചുകയറി രണ്ടുപേരും മരിച്ചു. ബനരസി ഗ്രാമത്തിൽ എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു.
ഡൽഹി – അള്‍വാര്‍ റോഡിൽ നൂഹിലെ ഗാസെഡ ഗ്രാമത്തിൽ ഹരിയാന റോഡ്‍വേസ് ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു. ഞായറാഴ്‍ച ഹരിയാനയിലെ റോത്തക്കിൽ 35 – 40 വാഹനങ്ങള്‍ പുകമഞ്ഞിൽ കാഴ്ചമറഞ്ഞ് കൂട്ടിയിടിച്ചിരുന്നു.










0 comments