print edition തിരുപ്പറംകുണ്ഡ്രത്തെ കാർത്തികദീപം ; ഹിന്ദുക്കൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് മോഹൻ ഭാഗവത്

തിരുച്ചിറപ്പള്ളി
തിരുപ്പറംകുണ്ഡ്രത്ത് കാർത്തികദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഹിന്ദുക്കൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാനത്തെ ഹിന്ദുക്കളുടെ ശക്തിയും ജാഗ്രതയും മതിയാകുമെന്നും ഭാഗവത് പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ വിഷയം ദേശീയതലത്തിൽ ഉയർത്തുമെന്നും ആർഎസ്‌എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിലവിൽ കോടതിയുടെ പരിഗണനയിലാണ് വിഷയം.
മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം കുന്നിലെ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാനുള്ള അനുമതിയാണ് വിവാദമായിരിക്കുന്നത്. അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിശ്വാസികൾക്ക് ഇവിടെ ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയാണ് അനുമതി നൽകിയത്.
ഉത്തരവ് വർഗീയ സംഘർഷത്തിലേക്ക് നയിക്കുന്നതാണെന്ന വിമർശം ശക്തമായിരുന്നു. ഉത്തരവിട്ട് ജഡ്‌ജി ജി ആർ സ്വാമിനാഥനെ ഇംപീച്ചുചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മ ലോക്‌സഭ സ്‌പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.










0 comments