നേരത്തേ വിവാഹം കഴിക്കണം, 3 കുട്ടികള്‍ വേണം
print edition ‘75 കഴിഞ്ഞാൽ പദവി ഇല്ലാതെ പണിയെടുക്കണം’; വീണ്ടും മോദിയെ ലക്ഷ്യമിട്ട് ആർഎസ്‌എസ് മേധാവി

ന്യൂഡൽഹി: പ്രായപരിധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ലക്ഷ്യമിട്ട് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. തനിക്ക് 75 വയസ്സുകഴിഞ്ഞകാര്യം സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടാൽ സ്ഥാനത്തുനിന്ന് മാറുമെന്നും ഭാഗവത് പറഞ്ഞു. 75 തികഞ്ഞാൽ ഒരു പദവിയും വഹിക്കാതെ ജോലി ചെയ്യണമെന്നാണ് പറയാറുള്ളതെന്നും സംഘടന പറഞ്ഞതുകൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്നും ആർഎസ്‌എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന പരിപാടിയിൽ ഭാഗവത് പറഞ്ഞു. 75 വയസ് കഴിഞ്ഞിട്ടും നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ തുടരുന്നത് സംഘടനയില്‍ ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് പ്രതികരണം.
നേതാക്കൾ 75 കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് മോഹൻ ഭാഗവത് കഴിഞ്ഞ വർഷം പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ‘75 തികയുമ്പോൾ ഷാൾ പുതപ്പിച്ച് ആദരിച്ചാൽ അതിനർഥം നിങ്ങൾ പടിയിറങ്ങണമെന്നാണ്. മറ്റുള്ളവർക്കു വഴിമാറിക്കൊടുക്കേണ്ട സമയമായി’ എന്നാണ് ഭാഗവത് പറഞ്ഞത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെ മോദിയുൾപ്പെടെയുള്ളവർ ചേർന്ന് 75 എന്ന പ്രായപരിധി ചൂണ്ടിക്കാട്ടി നിര്‍ബന്ധിത വിരമിക്കലിന് വഴിയൊരുക്കിയിരുന്നു. എന്നാൽ സ്വന്തം കാര്യം വന്നപ്പോൾ മോദി ഇത് പാലിച്ചില്ല. 2025 സെപ്‌തംബറിലാണ് മോദിക്ക് 75 തികഞ്ഞത്.
നേരത്തേ വിവാഹം കഴിക്കണം, 3 കുട്ടികള്‍ വേണം
സാമൂഹ്യ സന്തുലിതത്വം ഉറപ്പാക്കാനും ദീര്‍ഘകാല ജനസംഖ്യാ സ്ഥിരത ലക്ഷ്യമിട്ടും ഒരു കുടുംബത്തിന് മൂന്ന് കുട്ടികള്‍ വേണമെന്നും ഭാഗവത് പറഞ്ഞു. 19നും 25നും ഇടയിൽ തന്നെ വിവാഹം കഴിക്കണം. മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് ദമ്പതികൾക്ക് ആരോഗ്യവും സന്തുഷ്‍ടിയും നൽകുമെന്നും ഭാഗവത് പറഞ്ഞു.










0 comments