Deshabhimani

മോദിയും അമിത്ഷായും എവിടെ? പ്രതികരണവുമില്ല

amitshah and modi

നരേന്ദ്രമോദിയും അമിത്ഷായും

വെബ് ഡെസ്ക്

Published on Oct 11, 2026, 08:44 PM | 1 min read

ന്യൂഡൽഹി: ജനാധിപത്യ അവകാശങ്ങളെ വെട്ടിമാറ്റിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആളിപ്പടരുമ്പോഴും പ്രതികരിക്കാൻപോലും തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുമ്പോൾ ഇരുവരും മൗനം തുടരുകയാണ്. എസ്‌ഐആർ സംബന്ധിച്ച്‌ ഉയർന്ന ഗുരുതര ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതിനുപകരം വിയോജിപ്പുകളെ അടിച്ചമർത്തുകയാണ്.


സിജെപിയും ഇടതുസംഘടനകളും സമരം പ്രഖ്യാപിച്ചശേഷവും മോദിയും ഷായും വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇവിടങ്ങളിൽ ഒന്നും ​ഗ്യാനേഷ് കുമാറിനെക്കുറിച്ചോ പ്രക്ഷോഭത്തെക്കുറിച്ചോ പരാമർശിച്ചില്ല. വ്യാപക പ്രതിഷേധങ്ങളിൽ അടിമുടി ഉലഞ്ഞ കേന്ദ്രസർക്കാർ മറുപടി നൽകാൻപോലും ഭയപ്പെടുന്നുവെന്ന വിമർശനം ശക്തമാണ്.


എല്ലാവിലക്കുകളെയും മറികടന്ന് പതിനായിരങ്ങൾ ദിവസവും സമരത്തിന്റെ ഭാ​ഗമാകുന്നത് കേന്ദ്രസർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. പൊലീസിനെയും കേന്ദ്രസേനകളെയും ഉപയോ​ഗിച്ച് ക്രൂരമായ മർദനം അഴിച്ചുവിട്ടിട്ടും പ്രക്ഷോഭകർ പിന്തിരിയുന്നേയില്ല. ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്ന്‌ പ്രതിഷേധങ്ങളെ നേരിട്ട രീതിയിലൂടെ വ്യക്തമായി.


​ഗ്യാനേഷ് കുമാറിന് മോദിയും ഷായും അമിത പരി​ഗണന നൽകുന്നതിൽ ബിജെപിയും എതിർപ്പ് ശക്തമാണ്. ആർഎസ്‌എസിലൂടെ വളർന്ന മുതിർന്ന ബിജെപി നേതാവ്‌ ധർമ്മേന്ദ്ര പ്രധാന്‌ നൽകാത്ത പരിഗണനയും സംരക്ഷണവും ഐഎഎസ്‌ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന ഗ്യാനേഷിന്‌ എന്തിന്‌ നൽകുന്നുവെന്ന ചോദ്യം സംഘപരിവാർ വൃത്തങ്ങളിൽ സജീവമാണ്. നീറ്റ്‌ പരീക്ഷയുടേതടക്കം തുടർച്ചയായി ചോദ്യപേപ്പറുകൾ ചോർന്ന ഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ സിജെപിയും എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുമാണ്‌ ജന്തർമന്തറിൽ അനിശ്‌ചിതകാല സമരത്തിന്‌ മുൻകൈയ്യെടുത്തത്‌. സമരത്തെ തുടക്കത്തിൽ അടിച്ചമർത്താൻ സർക്കാർ മുതിർന്നെങ്കിലും ജനപങ്കാളിത്തം വർധിച്ചതോടെ ചർച്ചകളിലേക്ക്‌ വഴിമാറി. വിദ്യാർത്ഥി– യുവജന പ്രക്ഷോഭം രാജ്യമെങ്ങും പടർന്നതോടെ ബിജെപിയുടെ ഭാവി മുഖമെന്ന് വിശേഷിക്കപ്പെട്ടിരുന്ന ധർമ്മേന്ദ്ര പ്രധാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും നിഷ്‌ക്കരുണം കൈവിട്ടു.


എന്നാൽ എസ്‌ഐആ ർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം രണ്ടാഴ്‌ച പിന്നിടുമ്പോഴും കേന്ദ്രസേനകളെയും പൊലീസിനെയും വിന്യസിച്ച്‌ ഗ്യാനേഷ്‌ കുമാറിന്‌ ചുറ്റും ഇരുമ്പുമറ തീർക്കുകയാണ്‌ മോദി സർക്കാർ. ഗ്യാനേഷിനെ കൈവിട്ടാൽ നിലവിൽ തങ്ങൾക്ക്‌ അനുകൂലമായി പൂർത്തീകരിച്ച എസ്‌ഐആർ പ്രക്രിയ റദ്ദാക്കേണ്ടി വരുമോയെന്ന ആശങ്കയും മോദി– ഷാ കൂട്ടുകെട്ടിനുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home