ചെന്നൈയിൽ കാള്‍ മാര്‍ക്സിന്റെ പ്രതിമ സ്ഥാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: ലോകത്തെ മാറ്റിമറിച്ച ദാർശനിക പ്രതിഭ കാൾ മാർക്സിന് ചെന്നൈയിൽ പ്രതിമ ഉയർന്നു. ചെന്നൈ കണ്ണിമാറ പബ്ലിക് ലൈബ്രറിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതിമ അനാച്ഛാദനംചെയ്തു.
സംസ്ഥാന സർക്കാർ മാർക്സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ നിയമസഭയിൽ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. 85.80 ലക്ഷം രൂപ ചെലവിലാണ് പ്രതിമ നിർമിച്ചത്.
പുരോഗമന ആശയങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമായാണ് പ്രതിമ സ്ഥാപിച്ചതെന്ന് സ്റ്റാലിൻ പറഞ്ഞു. “മാർക്സിനെ സ്ഥാപിക്കുന്നു, അസമത്വത്തെ നീക്കം ചെയ്യുന്നു. ചെന്നൈ വീണ്ടും ചുവപ്പ് ഉറപ്പിക്കുന്നു. പുരോഗമന ആശയങ്ങൾ എവിടെ നിന്നുവന്നതായാലും അവയിൽ നിന്നാണ് ഞങ്ങൾ ശക്തി നേടുന്നത്. അധിനിവേശ ശക്തികൾ മേൽക്കോയ്മ നേടാൻ ശ്രമിക്കുമ്പോൾ, ഞങ്ങൾ അതിനെ പ്രതിരോധിക്കും. ഇതാണ് നമ്മുടെ ദ്രാവിഡ മാതൃക.”- സ്റ്റാലിൻ പറഞ്ഞു.
സിപിഐ എം തമിഴ്നാട് സെക്രട്ടറി പി ഷണ്മുഗം, സിപിഐ സെക്രട്ടറി എം വീരപാണ്ഡ്യൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.










0 comments