സിപിഐ എം പരിപാടിയിൽ കഫിയ ധരിച്ച് സ്റ്റാലിൻ; പലസ്തീന് ഐക്യദാർഢ്യം

ചെന്നെെ: കഫിയ ധരിച്ച് പലസ്തീന് ഐക്യദാർഢ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് സ്റ്റാലിൻ കഫിയ ധരിച്ചെത്തിയത്. പലസ്തീൻ- ഇസ്രയേൽ വിഷയത്തിൽ പല സമയങ്ങളിലും സ്റ്റാലിൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഫീൽ ധരിച്ച് സിപിഐ എം ക്ഷണിച്ച പരിപാടിയിലേക്ക് സ്റ്റാലിൻ എത്തിച്ചേർന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖമാണ് സ്റ്റാലിനെ കഫിയ അണിയിച്ചത്. പരിപാടിയിൽ മുഴുനീളം കഫിയ ധരിച്ച് പങ്കെടുത്ത സ്റ്റാലിൻ ഇസ്രയേൽ വംശഹത്യയെ ശക്തമായി അപലപിച്ചു. വംശഹത്യക്കെതിരെ പ്രമേയം പാസാക്കുമെന്നും സ്റ്റാലിൻ പരിപാടിയിൽ പറഞ്ഞു. അടുത്ത നിയമസഭ സമ്മേളനത്തിൽ തന്നെ ഇത്തരത്തിൽ പ്രമേയം പാസാക്കും. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണം.
ഇക്കാര്യത്തിൽ ഇന്ത്യ ഗവൺഡമെന്റിന്റെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല.എപ്പോഴും പലസ്തീനൊപ്പം ചേർന്ന് നിൽക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരപരാധികളുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മൗനം ഒരു വഴിയല്ല. ഇന്ത്യ ശക്തമായി സംസാരിക്കണം, ലോകം ഒന്നിക്കണം, നാം എല്ലാവരും ഇപ്പോൾ തന്നെ പ്രവർത്തിക്കണം. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു
ഗാസയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വാക്കുകൾക്ക് അതീതമാണ്. കുഞ്ഞുങ്ങളുടെ നിലവിളികൾ, പട്ടിണി കിടക്കുന്ന കുട്ടികളുടെ കാഴ്ച, ആശുപത്രികൾക്ക് നേരെയുള്ള ബോംബാക്രമണം, യുഎൻ കമ്മീഷന്റെ വംശഹത്യ പ്രഖ്യാപനം എന്നിവ ഒരു മനുഷ്യനും ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത കഷ്ടപ്പാടുകൾ കാണിക്കുന്നു എന്നുെ അദ്ദേഹം എക്സിൽ കുറിച്ചു










0 comments