ജനശക്തിയും ജനാധിപത്യവേട്ടയും ലോകത്തിനു മുന്നിൽ എത്തിച്ചു; ഡൽഹിയിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകം

ന്യൂഡൽഹി: ജനാധിപത്യ സംരക്ഷണത്തിനായി ഡൽഹിയിൽ നടക്കുന്ന ബഹുജനമുന്നേറ്റത്തെ അടിച്ചമർത്തുന്ന ഭരണഭീകരത ലോകത്തിനു മുന്നിൽ എത്തിച്ചത് ദൃശ്യ–പത്ര മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും. കേന്ദ്ര സേനയും പൊലീസും പ്രക്ഷോഭകാരികളെ അതിക്രൂരമായി നേരിട്ടതിന്റെ കൃത്യമായ ചിത്രങ്ങൾ പുറംലോകം അറിഞ്ഞത് ഇവരിലൂടെയാണ്. ഭരണകൂട ഭീകരത പുറത്തുകൊണ്ടുവരാനും പോരാട്ടത്തിന് കൂടുതൽ ആവേശം പകരാനും ഇൗ പിന്തുണ ഉപകരിച്ചു. അന്താരാഷ്ട്ര സമൂഹവും ലോക മാധ്യമങ്ങളും പ്രക്ഷോഭത്തിന് അനുകൂലമായി നിലപാട് എടുക്കുന്നതിനും ഇൗ മാധ്യമ ഇടപെടൽ വഴിയൊരുക്കി.
കടുത്ത നിയന്ത്രണവും പൊലീസ് അതിക്രമങ്ങളും അതിജീവിച്ച് മാധ്യമങ്ങൾ നടത്തിയ പ്രവർത്തനം ജനാധിപത്യത്തിലെ നാലാംതൂണിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കി. പണത്തിനും അധികാരത്തിനും മുന്നിൽ ഓഛാനിച്ചു നിൽക്കുന്ന ഗോദി മീഡിയക്കാർക്കും വലതു മാധ്യങ്ങൾക്കുമുള്ള ശക്തമായ മറുപടി കൂടിയാണിത്. പ്രക്ഷോഭത്തെ ആക്ഷേപിക്കാനും സംഘപരിവാർ ക്രിമനലുകളെ ഉപയോഗിച്ച് അടിച്ചമർത്താനും നടത്തിയ നീക്കങ്ങളുടെ മുനയൊടിച്ചത് വസ്തുതകൾ നിരത്തിയുള്ള മാധ്യമ, സാമൂഹ്യമാധ്യമ ഇടപെടലുകളാണ്.
പ്രക്ഷോഭത്തിലെ ജനശക്തി ലോകത്തിനു കാണിച്ചു കൊടുക്കുന്നതിൽ മാധ്യമങ്ങൾ മുന്നിൽ നിന്നു. വോട്ടുനിഷേധത്തിൽ പ്രതിഷേധിക്കാൻ എത്തിയ എല്ലാവരെയും ഒരുപോലെ കണ്ട് റിപ്പോർട്ടുകൾ നൽകുന്നതിലും ഭൂരിപക്ഷ മാധ്യമങ്ങളും നീതിപാലിച്ചു. ഇടതുപക്ഷ സംഘടനകളുടെയും ഒപ്പം മറ്റു പുരോഗമന പ്രസ്ഥാനങ്ങളുടെയും സമരങ്ങൾക്ക് തുല്യപ്രാധാന്യം നൽകി. പ്രക്ഷോഭത്തിൽ കൂട്ടായ്മ രൂപപ്പെടുന്നതിന് ഇതു വലിയ പങ്കുവഹിച്ചു.

മലയാള മാധ്യമങ്ങളുടെ ഇടപെടൽ പ്രത്യേകം എടുത്തുപറയണം. കേരളത്തിൽ നിന്നുള്ള പ്രധാന മാധ്യമങ്ങളെല്ലാം ഡൽഹിയിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാണ് പ്രക്ഷോഭം റിപ്പോർട്ട് ചെയ്തത്. കൂടുതൽ സമയവും സ്ഥലവും ഇൗ വാർത്തകൾക്കായി മാറ്റിവെക്കുകയും ചെയ്തു. മലയാള മാധ്യപ്രവർത്തകർ സമരക്കാർക്കൊപ്പം നിലകൊണ്ട് ഓരോ ദൃശ്യങ്ങളും പകർത്തി.
സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണയും ഇടപെടലും എടുത്തുപറയേണ്ടതാണ്. മറ്റു മാധ്യമങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാതിരുന്ന സാഹചര്യങ്ങളിലെ അടിച്ചമർത്തലിന്റെ കൊടും ചെയ്തികൾ പുറത്തെത്തിച്ചത് സാമൂഹ്യമാധ്യമങ്ങളാണ്. സേനയുടെയും പൊലീസിന്റെയും വാഹനങ്ങൾക്കകത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിലും സമരക്കാർക്കു നേരെ നടന്ന ആക്രമണം പുറത്തുകൊണ്ടുവരാൻ പ്രധാനമായും സഹായിച്ചത് ഇവരാണ്. പുതിയ കാലത്തെ പ്രക്ഷോഭങ്ങളുടെ ഗതിനിർണയിക്കുന്നതിൽ സാമൂഹ്യമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണ് ഇൗ ഇടപെടൽ.
മാധ്യമപിന്തുണ പ്രക്ഷോഭത്തിന് വലിയ ഉൗർജ്ജംപകരുന്നുവെന്ന് തെളിഞ്ഞതോടെയാണ് അവരെ പൂർണമായും വിലക്കുന്ന നിലയിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയത്. സമരക്കാരെ നേരിടുന്നതിനു സമാനമായ രീതിയിൽ പിന്നീട് മാധ്യമപ്രവർത്തകരെ വേട്ടയാടി. കസ്റ്റഡിയിലെടുത്ത് ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തു. വനിതാ മാധ്യമപ്രവർത്തകരെ പുരുഷ പൊലീസ് കൈകാര്യം ചെയ്യുന്ന നിലയുണ്ടായി. ഒക്ടോബർ 10 നു ശേഷം 48 മണിക്കൂറിൽ അന്പതോളം മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇൗ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവരാൻ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജർണലിസ്റ്റ്സും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും തയ്യാറായി. പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഡൽഹിയിൽ പ്രകടനം നടത്തുകയും ചെയ്തു.

മാധ്യമപ്രവർത്തകരുടെ ക്യാമറയടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. പലതും നശിപ്പിക്കുകയും ചെയ്തു. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരോട് കൂടുതൽ നീചമായാണ് പെരുമാറിയത്. അവരുടെ ഫോണടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവർക്ക് പലയിടത്തും പ്രവേശനം നിഷേധിക്കപ്പെട്ടു. മൊബൈൽ, ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്തിയത് മാധ്യമങ്ങളെ ഒതുക്കാനായിരുന്നു.
എല്ലാ അതിക്രമങ്ങളും നിയന്ത്രണങ്ങളും അതിജീവിച്ച് പ്രക്ഷോഭത്തിലെ യാഥാർത്ഥ്യങ്ങൾ പുറംലോകത്ത് എത്തിക്കാൻ വിവിധ തലത്തിലുള്ള മാധ്യമങ്ങൾക്ക് കഴിഞ്ഞു.









0 comments