print edition മെയ് ദിനാചരണം: തൊഴിലാളികൾക്കൊപ്പം അണിചേരുക- കിസാൻ സഭ

ന്യൂഡൽഹി: മെയ് ദിനാചരണത്തിൽ തൊഴിലാളികളോടൊപ്പം അണിചേരാൻ രാജ്യമെന്പാടുമുള്ള കർഷകരോട് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ കിസാൻ സഭ. മോദി സർക്കാർ തൊഴിൽകോഡുകൾ വിജ്ഞാപനം ചെയ്തശേഷമുള്ള ആദ്യ തൊഴിലാളി ദിനമാണിത്. എട്ട് മണിക്കൂർ വ്യവസ്ഥ ഇല്ലാതാക്കുകയും തൊഴിൽസമയം 12 മണിക്കൂറായി വർധിപ്പിക്കുകയുംചെയ്തു. ഇതിനെതിരെയുള്ള ട്രേഡ് യൂണിയൻ പോരാട്ടത്തിന് കിസാൻ സഭ ഐക്യദാർഢ്യം അറിയിച്ചു.
രാജ്യതലസ്ഥാന മേഖലയിലുൾപ്പെടെ തൊഴിലാളിസമരം ശക്തമായ സാഹചര്യത്തിലാണ് ഇത്തവണ മെയ്‌ദിനം ആചരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ വർഷങ്ങളായി വിളകൾക്ക് മാന്യമായ മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോരാട്ടത്തിലാണ്.
ബിജെപി സർക്കാരിന്റെ വർഗീയ–കോർപറേറ്റ് നയങ്ങൾക്കെതിരെ തൊഴിലാളി–കർഷക ഐക്യം ഉയർത്തിപ്പിടിക്കാനായി മെയ്‌ദിനത്തിൽ പങ്കാളികളാകണമെന്നു കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്ണനും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments