'രാഷ്ട്രീയത്തിന് മുകളിൽ നിൽക്കേണ്ടത് മാനുഷികത'; വിദ്യാർഥി സമരത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

തൃശൂർ: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രമുഖ നടി മഞ്ജു വാര്യർ. ഏത് രാഷ്ട്രീയത്തിനും മുകളിലാണ് മാനുഷികതയുടെ സ്ഥാനമെന്നും, യുവതലമുറയുടെ ആശങ്കകൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യരുടെ പ്രതികരണം.
നമ്മുടെ പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ കാത്തുസൂക്ഷിക്കപ്പെടണമെന്നും മഞ്ജു വാര്യർ ഓർമിപ്പിച്ചു. നമ്മുടെ മക്കൾക്ക് ഭയമല്ല, മറിച്ച് പ്രതീക്ഷയാണ് നൽകേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാക്കാനും സ്വപ്നങ്ങൾ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ്:
മാനുഷികത. അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്.
നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും, ആശങ്കകൾ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്‌നങ്ങൾ സംരക്ഷിക്കപ്പെടട്ടെ.
ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇതിനോടകം തന്നെ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ഇന്ദ്രജിത് തുടങ്ങിയവർക്ക് പിന്നാലെയാണ് ഇപ്പോൾ മഞ്ജു വാര്യരും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.









0 comments