മദ്യപാനത്തിനിടെ തര്‍ക്കം; ദക്ഷിണ കൊറിയൻ ലിവ് ഇൻ പങ്കാളിയെ മണിപ്പൂർ യുവതി കുത്തിക്കൊലപ്പെടുത്തി

ഗ്രേറ്റർ നോയിഡ: മണിപ്പൂർ സ്വദേശിയായ യുവതി ദക്ഷിണകൊറിയൻ ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. മൊബൈൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഡക്ക് ഹി യു ആണ് മരിച്ചത്. മണിപ്പൂർ സ്വദേശിനിയായ ലുഞ്ജീന പാമൈയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മദ്യപാനത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും, ഇതിനിടയിൽ യുവതി ഡക്ക് ഹിയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഡക്ക് ഹിയയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അവിടെ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു.
ഡക്ക് ഹി മദ്യപിച്ചെത്തി തന്നെ സ്ഥിരമായി ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പാമൈ മൊഴി നൽകി. ആക്രമണം രൂക്ഷമായപ്പോൾ ആത്മരക്ഷാർത്ഥം ചെയ്തതാണെന്നും കൊല്ലുക എന്ന ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. മരണകാരണം കൃത്യമായി അറിയുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.










0 comments