Deshabhimani

മണിപ്പുരിൽ വീണ്ടും വെടിവയ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു, മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

manipur dead body cm house
വെബ് ഡെസ്ക്

Published on Oct 19, 2026, 04:56 PM | 1 min read

ഇംഫാൽ: മണിപ്പുരിൽ വീണ്ടും അക്രമം. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ വിറകുശേഖരിക്കാൻ പോയവർക്കുനേരെയുണ്ടായ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. കുക്കി വിഭാഗത്തിൽപ്പെട്ട സായുധസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹങ്ങളുമായി മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്ങിന്റെ വസതിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.


തിങ്കളാഴ്ച രാവിലെ 9.30ഓടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഉയുംപോക് പ്രദേശത്ത് നോങ്സും കുന്നുകൾക്ക് സമീപമാണ് ആക്രമണമുണ്ടായത്. കുക്കി ഭൂരിപക്ഷ മേഖലയായ കാങ്പോക്പി ജില്ലയുടെ അതിർത്തിയോട് ചേർന്ന പ്രദേശത്ത് വിറകുശേഖരിക്കാൻ പോയവർക്കുനേരെ സായുധസംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക എംഎൽഎ തോക്ചോം ലോകേശ്വർ സിങ് പറഞ്ഞു.


അരുബാം റോണിൽ (35), ലൈരെൻലാക്പം ഇനാവോബി (44), ക്ഷേത്രിമയും സുഷിൽ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മെയ്സ്നാം സോമേന്ദ്രോ (55), ബോൺസൺ ഖിങ്ഡ്രാം (45), ങാങോം സുരാജ് (22) എന്നിവർ ഇംഫാലിലെ രാജ് മെഡിസിറ്റിയിൽ ചികിത്സയിലാണ്.


പ്രദേശത്ത് വിറകുശേഖരിക്കാൻ പോയവർക്ക് സുരക്ഷ ഉറപ്പുനൽകിയിരുന്നതായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. സുരക്ഷാ ഉറപ്പിനിടയിലും ആക്രമണമുണ്ടായതിനെതിരെ പ്രതിഷേധം ശക്തമാണ്. സംഭവസ്ഥലത്തിന് സമീപമുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിന്റെ പരിധിയിലുള്ള സിനായ് ക്യാമ്പ് നീക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.


കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ നാട്ടുകാർ അക്രമികൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു.


2023 മേയിൽ ആരംഭിച്ച മെയ്തെയ്–കുക്കി വംശീയ സംഘർഷത്തിനുശേഷം മണിപ്പുരിൽ സമാധാനം കേന്ദ്രത്തിന് പുനഃസ്ഥാപിക്കാനായിട്ടില്ല. 2023 മേയിൽ മണിപ്പുരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മാസങ്ങളോളം മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘർഷം തുടങ്ങി രണ്ടുവർഷത്തിലേറെ കഴിഞ്ഞ് 2025 സെപ്തംബറിലാണ് ആദ്യമായി സംസ്ഥാനം സന്ദർശിച്ചത്. നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ വീടുവിട്ട് പലായനം ചെയ്യുകയും ചെയ്തിട്ടും മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാരിനായില്ല. രണ്ടുവർഷത്തിലേറെ നീണ്ട അവഗണനയ്ക്കുശേഷം നടത്തിയ സന്ദർശനത്തിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചെങ്കിലും അക്രമവും കൊലപാതകങ്ങളും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home