കേസ് പിൻവലിച്ചില്ല; കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ കൊന്ന് കെട്ടിത്തൂക്കി

ജയ്പൂർ: മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ വിസമ്മതിച്ച പിതാവിനെ കൊന്ന് കെട്ടിത്തൂക്കി. ജയ്പൂരിലെ കൽവാർ മേഖലയിലാണ് സംഭവം. 58കാരനായ പെൺകുട്ടിയുടെ പിതാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതിയും മറ്റ് മൂന്നുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പിന്നാലെ പെൺകുട്ടി തിരിച്ചെത്തുകയും തുടർന്ന്. പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് മുതൽ പ്രതികൾ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തി വരികയായിരുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഭീഷണി.
കേസ് പിൻവലിക്കില്ലെന്ന് ഉറച്ചുനിന്ന പെൺകുട്ടിയുടെ പിതാവിനെ പ്രതികൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയും, ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയുമായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ പരാതിയിൽ വ്യക്തമാക്കി. മൃതദേഹം വീടിന് സമീപത്തായാണ് കണ്ടെത്തിയത്. തുടക്കത്തിൽ ആത്മഹത്യയായി കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഭാര്യയുടെ പരാതിയെ തുടർന്ന് ഇപ്പോൾ കൊലപാതകക്കുറ്റത്തിന് കേസ് എടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുയാണ്.








0 comments