ട്രക്കിങ്ങിനിടെ അപകടം: 400 അടി താഴേക്ക് വീണ് യുവാവ് മരിച്ചു

മരിച്ച ആകാശ് രാജേന്ദ്ര വാഘ്മോഡെ
റായ്ഗഡ്: ട്രക്കിങ്ങിനിടെ കാൽ വഴുതി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഭിവണ്ഡി തഡാലി സ്വദേശിയായ ആകാശ് രാജേന്ദ്ര വാഘ്മോഡെ (26) ആണ് മരിച്ചത്. റായ്ഗഡ് ജില്ലയിലെ പ്രശസ്തമായ ഇർഷാൽഗഡ് കോട്ടയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.
ഒറ്റയ്ക്ക് ട്രക്കിങ്ങിന് എത്തിയ ആകാശ്, കോട്ടയിലേക്കുള്ള യാത്രയ്ക്കിടെ ഏകദേശം 400 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇർഷാൽഗഡിലേക്കുള്ള ആകാശിന്റെ ആദ്യ ട്രക്കിങ്ങായിരുന്നു ഇതെന്നാണ് ലഭിക്കുന്ന വിവരം. തന്റെ ഇരുചക്ര വാഹനം കോട്ടയുടെ താഴെ പാർക്ക് ചെയ്ത ശേഷമാണ് ഇയാൾ മലകയറാൻ തുടങ്ങിയത്.
മേഖലയിലെ ഭൂപ്രകൃതിയും ദുർഘടമായ പാതയും കാരണം മൃതദേഹം കണ്ടെത്തുന്നത് ശ്രമകരമായിരുന്നു. ഏകദേശം 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്. ഞായറാഴ്ച രാവിലെ ട്രക്കിങ്ങ് സ്പോട്ടിൽ എത്തിയ വിവരം ആകാശ് വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അമ്മ പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ആകാശ്.
ദുർഘടമായ പാതകളിലൂടെ ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തുന്നത് വലിയ അപകടസാധ്യതകൾക്ക് കാരണമായേക്കാം. കൃത്യമായ സുരക്ഷാ സംവിധാനങ്ങളും പരിചയസമ്പന്നരായ ഗൈഡുകളുടെ സഹായവും ഇത്തരം യാത്രകളിൽ അത്യാവശ്യമാണ്.










0 comments