Deshabhimani

കൊൽക്കത്ത പന്തൽ ദുരന്തം: മരിച്ച 19 പേരിൽ പതിമൂന്നും സ്ത്രീകൾ; വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

kolkata
വെബ് ഡെസ്ക്

Published on Oct 19, 2026, 07:19 AM | 1 min read

കൊൽക്കത്ത: ചോർബഗാനിലെ ദുർഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ പൊലിഞ്ഞവരുടെ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ഞായറാഴ്ച പൊലീസ് പുറത്തുവിട്ട മരിച്ചവരുടെ പട്ടികയിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇതിൽ രണ്ട് പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണ്. ബീഹാറിൽ നിന്നുള്ള ഏഴ് വയസ്സുകാരൻ, അഗർപാറയിൽ നിന്നുള്ള 13 വയസ്സുകാരൻ, പുർബ ബർധമാനിൽ നിന്നുള്ള 14 വയസ്സുകാരൻ എന്നിവരാണ് ദുരന്തത്തിനിരയായ ഏറ്റവും പ്രായം കുറഞ്ഞവർ.


17, 18 വയസ്സുള്ള നാല് പെൺകുട്ടികളും 20-30 വയസ്സിനിടയിലുള്ള മറ്റ് നാല് സ്ത്രീകളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹൗറയിൽ നിന്നുള്ള ബികാഷ് ഭട്ടാചാര്യ (66), ബരാനഗറിൽ നിന്നുള്ള ദിലീപ്ഘോഷ് (59) എന്നിവരാണ് മരിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തികൾ. നോർത്ത് 24 പർഗാനാസിൽ നിന്ന് 7 പേരും കൊൽക്കത്ത, ഹൂഗ്ലി, ഹൗറ, പുർബ ബർധമാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും സൗത്ത് 24 പർഗാനാസ്, നാദിയ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും മരണപ്പെട്ടു.


ബീഹാറിലെ മുസാഫർപൂരിൽ നിന്നുള്ള ബന്ധുക്കളായ രണ്ട് പേരും ദുരന്തത്തിൽ കൊല്ലപ്പെട്ടു. കൊൽക്കത്തയിലെ പ്രസിദ്ധമായ ദുർഗ്ഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് ദുരന്തത്തിന് ഇരയായവരിൽ ഏറെയും.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസും അധികൃതരും അന്വേഷണം ആരംഭിച്ച് പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ട്.


സംഭവത്തിൽ അറസ്റ്റിലായ 7 പ്രതികളെയും കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സംഘാടക സമിതി ഭാരവാഹികളായ രാജ് കുമാർ, ശന്തനു ദുബെ, പന്തൽ നിർമ്മാതാവ് ബിപ്ലബ് മുഖർജി, ക്രൗഡ് കൺട്രോൾ ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, സ്വകാര്യ സുരക്ഷാ ചുമതലക്കാരായ സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത്.


ശനിയാഴ്ച രാത്രി കനത്ത മഴയ്ക്കിടയിലാണ് പന്തലിൽ വൻ ദുരന്തം ഉണ്ടായി 19 പേർ കൊല്ലപ്പെട്ടത്. പന്തൽ തകരാറിലാണെന്ന് തെറ്റായ അനൗൺസ്‌മെന്റ് നടത്തി പരിഭ്രാന്തി പരത്തിയത് ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൃത്യമായ പ്ലാനിംഗോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതിരുന്നതാണ് ദുരന്തത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home