സൂറത്തിൽ ടെക്സ്റ്റൈൽ ഫാക്ടറിയിൽ വൻ തീപിടിത്തം

പ്രതീകാത്മകചിത്രം
സൂറത്ത് : ഗുജറാത്തിലെ സൂറത്തിൽ ടെക്സ്റ്റൈൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സച്ചിൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഹോജിവാല ഇൻഡസ്ട്രീസിന്റെ ഭാഗമായ ഗോപി നിറ്റിംഗ് ടെക്സ്റ്റൈൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
തുണികളിലേക്കും നൈലോൺ വസ്തുക്കളിലേക്കും തീ വേഗം പടർന്നു പിടിച്ചതിനാൽ ഫാക്ടറി മുഴുവൻ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് അഗ്നിശമന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പന്ത്രണ്ടോളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. സമീപത്തുള്ള ഫാക്ടറികളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഫാക്ടറിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വസ്ത്ര വ്യാപാരത്തിന് പേരുകേട്ട നഗരമാണ് സൂറത്ത്.
കഴിഞ്ഞ ദിവസം സൂറത്തിലെ മിത്തി ഖാദി പ്രദേശത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. വീടിനുള്ളിൽ സാരി പായ്ക്ക് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ് മരിച്ചത്. പാക്കേജിംഗിനായി ഉപയോഗിക്കുന്ന ധാരാളം ഫോം ഷീറ്റുകൾ പരിസരത്ത് സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീപിടിത്തത്തെതുടർന്നുണ്ടായ പുക ശ്വസിച്ചാണ് അഞ്ചുപേരും മരിച്ചത്. ഷോർട് സർക്യൂട്ട് തന്നെയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.










0 comments