ലഖ്നൗവിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ

ലഖ്നൗ: ആദ്യഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയ തർക്കത്തിനിടെ ഭർത്താവിനെ ആൺസുഹൃത്തിന്റെയും കൂട്ടാളിയുടെയും സഹായത്തോടെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തു.
സുഫിയ ബാനോ, ആൺസുഹൃത്ത് മുന്ന എന്നറിയപ്പെടുന്ന മുച്ചാഡ്, ഇയാളുടെ കൂട്ടാളി മുഹമ്മദ് ഇഖ്ബാൽ എന്ന ബസീർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രാംകിഷോർ വാൽമീകിയുമായി ബാനോയ്ക്ക് നാല് വർഷത്തോളം ബന്ധമുണ്ടായിരുന്നെന്നും രണ്ട് വർഷം മുമ്പ് വിവാഹിതരായതായും പൊലീസ് അറിയിച്ചു.
രാംകിഷോർ തന്റെ ആദ്യഭാര്യ കവിതാ ദേവിയെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തതിനെ ബാനോ എതിർത്തിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
സെപ്തംബർ 14 ന് രാത്രിയിൽ ബാനോയുടെ വീട്ടിലെത്തിയ ആൺസുഹൃത്തും കൂട്ടാളിയും ഉറങ്ങിക്കിടന്ന രാംകിഷോറിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം ഇ-റിക്ഷയിൽ കയറ്റി കനാലിന് സമീപമുള്ള പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മൃതശരീരം കണ്ടെത്തിയതിനെ തുടർന്ന് ആദ്യഭാര്യ കവിതാ ദേവിയുടെ പരാതിയിൽ സെപ്തംബർ 17ന് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഇ-റിക്ഷയും പൊലീസ് പിടിച്ചെടുത്തു.









0 comments