പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടുന്നതിനിടെ കർഷകൻ കിണറ്റിൽ വീണു മരിച്ചു; പിന്നാലെ വീണ പുലിയും ചത്തു

പ്രതീകാത്മകചിത്രം
നാസിക് : നാസിക്കിലെ സിന്നാറിൽ പുലിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ശിവ്‌ഡെയിലാണ് സംഭവം. സാവ്ത മാലി നിവാസിയായ ഗോരഖ് ജാദവ് ആണ് മരിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണായിരുന്നു കർഷകന്റെ അന്ത്യം. പിന്നാലെ കിണറ്റിലേക്കു വീണ പുലിയും പരിക്കുകളെത്തുടർന്ന് ചത്തു.
ഞായർ പകൽ ഗോതമ്പ് വിളയ്ക്ക് വെള്ളം നനച്ച ശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് പുള്ളിപ്പുലി ജാദവിനെ ആക്രമിച്ചത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പുള്ളിപ്പുലിയും ജാദവും അടുത്തുള്ള ഒരു കിണറ്റിൽ വീണു. ഗുരുതരമായി പരിക്കേറ്റ ജാദവ് ഉടൻ തന്നെ മരിച്ചു. ജാദവിന്റെ മരണത്തിൽ അക്രമാസക്തരായ ഗ്രാമവാസികൾ കിണറ്റിൽ നിന്ന് വനപാലക സംഘം പുലിയെ പുറത്തെടുക്കുന്നത് തടഞ്ഞു.
വനംവകുപ്പ് സംഘവും പൊലീസും ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് മണിക്കൂറോളം ജനങ്ങൾ പ്രതിഷേധിച്ചു. അപ്പോഴേക്കും വീഴ്ചയിൽ ഉണ്ടായ പരിക്കുകൾ മൂലം പുള്ളിപ്പുലിയും ചത്തിരുന്നു. തുടർന്ന് ജാദവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സിന്നാർ ആശുപത്രിയിലേക്ക് മാറ്റി. പുള്ളിപ്പുലിയുടെ ജഡം എൻടിസിഎ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്‌കരിക്കുന്നതിനായി വനം വകുപ്പ് കൊണ്ടുപോയതായി ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments