'ആജാ ആജാ മേ ഹൂം പ്യാർ തേരാ..'; ആശാ ഭോസ്‌ലെ പാടാൻ പേടിച്ച ആർ ഡി ബർമൻ ഹിറ്റ്

ആർ ഡി ബർമനൊപ്പം ആശ ഭോസ്‌ലെ (Photo Credit : X/@ashabhosle)
മുംബൈ : ഇന്ത്യൻ സംഗീത ലോകത്തെ മാസ്മരിക സ്വരത്തിനുടമയായ ആശാ ഭോസ്‌ലെയുടെ വിയോഗം ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. ഏഴു പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ ആയിരക്കണക്കിന് പാട്ടുകളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച അവർ വിടവാങ്ങുമ്പോൾ, തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് താരം മുമ്പ് പങ്കുവെച്ച ഓർമകൾ ആരാധകർക്കിടയിൽ നൊമ്പരമാവുകയാണ്.
തന്റെ ആലാപന ശൈലി കൊണ്ട് സംഗീതാസ്വാദകരുടെ മനസിലിടം നേടിയ ഗായികയാണ് ആശ. 'തീസ്രി മൻസിൽ' എന്ന ചിത്രത്തിലെ 'ആജാ ആജാ മേ ഹൂം പ്യാർ തേര' എന്ന ഗാനം പാടാൻ താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് അവർ പലപ്പോഴും വാചാലയായിട്ടുണ്ട്. ആർ ഡി ബർമൻ സംഗീതം നൽകിയ ഈ ഗാനമായിരുന്നു അത്. ഈ പാട്ടിന്റെ വേഗത കണ്ട് തനിക്ക് പാടാൻ കഴിയുമോ എന്ന് ഭയന്ന്, ആത്മവിശ്വാസം നഷ്ടപ്പെട്ട് റെക്കോർഡിംഗിന് മുൻപ് വിറച്ചുപോയ നിമിഷത്തെ കുറിച്ച് ആശാ ഭോസ്‌ലെ മുൻപ് ഒരഭിമുഖത്തിൽ സ്മരിച്ചിരുന്നു. അന്ന് സഹോദരി ലത മങ്കേഷ്‌കർ നൽകിയ പിന്തുണയാണ് ആ പാട്ട് പിറന്നതിന് പിന്നിലെന്നും ആശ വാചാരയായിരുന്നു.
ക്ലാസിക്കൽ പാട്ടുകൾ മുതൽ പോപ്പ് സംഗീതം വരെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആശാ ഭോസ്‌ലെ, പത്മവിഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ലത മങ്കേഷ്‌കറുടെ വിയോഗത്തിന് പിന്നാലെ ആശയും യാത്രയാകുമ്പോൾ ഇന്ത്യൻ സംഗീതത്തിലെ സുവർണ യുഗത്തിനാണ് തിരശ്ശീല വീഴുന്നത്. ലോകം ഇന്നും നെഞ്ചിലേറ്റുന്ന ആശ ഭോസ്‌ലെയുടെ പാട്ടുകൾ ഇനി എന്നും ആ സ്വരമാധുരിയുടെ ഓർമകളായി നിലനിൽക്കും.










0 comments