Deshabhimani

print edition ചീഫ് ജസ്റ്റിസ് രാജി വയ്ക്കണമെന്ന്; ബിജെപിക്ക് ആയുധം നൽകി കോൺഗ്രസ്

Surya kanth.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 01:19 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിക്ക്‌ സംയുക്ത പ്രക്ഷോഭത്തെ തളർത്തുംവിധം ബിജെപിക്ക്‌ ആയുധം നൽകി കോൺഗ്രസിന്റെ കേരള ഘടകം. ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ട്‌ എക്‌സ്‌ ഹാൻഡിലിൽ ചെയ്‌ത പോസ്‌റ്റാണ്‌ ബിജെപി ദേശീയതലത്തിൽ ആയുധമാക്കുന്നത്‌. ‘പ്രിയപ്പെട്ട സൂര്യകാന്ത്, ക്രമസമാധാനപാലനം താങ്കളുടെ മേഖലയല്ലെങ്കിൽ ഇപ്പോൾത്തന്നെ രാജിവയ്‌ക്കുക. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം’– എന്നായിരുന്നു പോസ്‌റ്റ്‌.


രാജ്യത്തെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും തകർക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്ന്‌ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു തിരിച്ചടിച്ചു. കോൺഗ്രസിന്റെ അടുത്ത ഉന്നം ജുഡീഷ്യറിയാണെന്ന്‌ നേരത്തെ വ്യക്തമാണെന്നും ഇതിനെതിരെ എല്ലാ രാജ്യസ്‌നേഹികളും ഒന്നിക്കുമെന്നും റിജിജു പറഞ്ഞു.


രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ ഓഫീസിനെതിരെ കോൺഗ്രസ്‌ നടത്തിയ ഭാഷയും പ്രസ്‌താവനയും അങ്ങേയറ്റം അപലപനീയമാണെന്ന്‌ ദേശീയ വക്താവ്‌ സി ആർ കേശവൻ പറഞ്ഞു.


സമൂഹമാധ്യമങ്ങളിലും വാട്‌സ്‌ആപ്പിലും പ്രക്ഷോഭത്തിനെ നേരിടാൻ ബിജെപി ഇപ്പോൾ ഉപയോഗിക്കുന്നത്‌ വിവാദ പോസ്‌റ്റാണ്‌. പോസ്‌റ്റിനെ തള്ളിക്കളഞ്ഞ കേന്ദ്രനേതൃത്വത്തിന്റെ നിർദേശാനുസരണം ഒരാളെ കെപിസിസി പുറത്താക്കിയിരുന്നു. ഇന്ത്യ കൂട്ടായ്‌മയടക്കം കമീഷനെതിരെ പോരാട്ടം സുപ്രീംകോടതിലേയ്‌ക്ക്‌ വ്യാപിപ്പിച്ചിരിക്കേയാണ്‌ നിരുത്തരവാദ പോസ്‌റ്റ്‌. രാഹുൽഗാന്ധി സുപ്രീംകോടതി രജിസ്‌ട്രിയിൽ ഹർജിയുടെ പകർപ്പ്‌ കൈമാറുന്ന സമയത്താണ്‌ കോടതിയെ പ്രകോപിപ്പിക്കുന്ന നടപടി .ക്രമസമാധാനം എന്റെ മേഖലയല്ലെന്ന്‌ തിങ്കളാഴ്‌ച ചീഫ്‌ ജസ്‌റ്റിസ്‌ പ്രതികരിച്ചിരുന്നു.


കേരളത്തിലെ കോൺഗ്രസ്‌ എക്‌സ്‌ ഹാൻഡിലിൽ വന്ന പോസ്‌റ്റിനെതിരെ ബിജെപി അഭിഭാഷകൻ ഗ‍ൗരവ്‌ ഭാട്ടിയ ഹർജി നൽകി. പോസ്‌റ്റിനെ പിന്തുണച്ച തൃണമൂൽ എംപി മൊഹ്‌വ മൊയ്‌ത്രക്കെതിരെയും നടപടി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home