സിം വേണ്ട, ടവർ വേണ്ട; കശ്മീരിൽ ‘ലോറ’യുമായി ഭീകരർ: സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ന്യൂഡൽഹി: മൊബൈൽ നെറ്റ്‌വർക്കും സിം കാർഡും ഇല്ലാതെ ആശയവിനിമയം നടത്താൻ ഭീകരർ ‘ലോറ’ (LoRa) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ മേഖലകളിൽനിന്ന് എൻക്രിപ്റ്റഡ് ഓഫ്-ഗ്രിഡ് ഹാൻഡ്‌സെറ്റുകൾ കണ്ടെത്തിയതോടെയാണ് പുതിയ നീക്കം ശ്രദ്ധയിൽപ്പെട്ടത്.
സെപ്തംബർ 29 ന് ബഡ്ഗാമിലെ ഗുർവത്‌കലാനിൽ കൊല്ലപ്പെട്ട ലഷ്കർ-ഇ-തൊയ്ബ കമാൻഡർ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസ ഫൗജിയുടെ പക്കൽ ‘ലോറ അൾട്രാ ’ ഉപകരണം കണ്ടെത്തിയിരുന്നു. സാധാരണ മൊബൈൽ നെറ്റ്‌വർക്ക് ഒഴിവാക്കി ഭീകരർ പരസ്പരവും പാകിസ്ഥാനിലെ ഹാൻഡ്ലർമാരുമായും ആശയവിനിമയം നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
കാടുകളിലും മലനിരകളിലും ഏകദേശം 10–15 കിലോമീറ്റർ വരെ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ലോറ. ഓരോ ഉപകരണവും സിഗ്നൽ കൈമാറുന്നതിനാൽ പ്രത്യേക ശൃംഖല രൂപപ്പെടുകയും സാധാരണ ട്രാക്കിങ് സംവിധാനങ്ങളിൽനിന്ന് ആശയവിനിമയം മറയ്ക്കാൻ സാധിക്കുകയും ചെയ്യും.
ദാച്ചിഗാം–പഹൽഗാം മേഖലയിൽ നടന്ന ഓപ്പറേഷൻ മഹാദേവിനിടെ നിരവധി ലോറ ഉപകരണങ്ങളും സിം ഇല്ലാത്ത ഫോണുകളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഉപകരണങ്ങൾ പ്രാദേശികമായി നിർമ്മിച്ചതല്ലെന്നും മുൻകൂട്ടി കോൺഫിഗർ ചെയ്ത് എൻക്രിപ്റ്റ് ചെയ്ത നിലയിലായിരുന്നുവെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ലോറ സിഗ്നലുകൾ കണ്ടെത്തുന്നതിനായി ദക്ഷിണ കശ്മീരിലെ വനമേഖലകളിൽ സ്പെക്ട്രം സ്കാനറുകളും ജാമറുകളും പുനഃക്രമീകരിച്ചതായി സുരക്ഷാ സേന അറിയിച്ചു. മൊബൈൽ സിം കാർഡുകൾ പിന്തുടരുന്നതിന് പകരം ഇത്തരം ‘നിശ്ശബ്ദ റേഡിയോ’ ഉപകരണങ്ങൾ കണ്ടെത്തുന്നതിലേക്കാണ് നിരീക്ഷണം മാറുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.








0 comments