കർണാടകയിൽ തെരുവുനായ ആക്രമണം; കുട്ടിയെ കടിച്ചുവലിച്ചത് 30 മീറ്ററോളം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുന്നു
വിജയപുര: കർണാടകയിലെ വിജയപുരയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ പിഞ്ചുകുട്ടിക്ക് ഗുരുതര പരിക്ക്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചുവലിച്ച് മുപ്പത് മീറ്ററോളം ദൂരത്തേക്ക് കൊണ്ടുപോയി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ പുറത്തും തുടയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
നിലവിൽ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. മുപ്പത് മീറ്ററോളം ദൂരമാണ് നായ കുട്ടിയെ കടിച്ചുവലിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിലും സമാനമായ രീതിയിൽ ഒരു പെൺകുട്ടി തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വിജയപുരയിലെ സംഭവത്തിൽ നഗരസഭാ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.










0 comments