ad
Deshabhimani

കർണാടകയിലെ കോടതികളിൽ ബോംബ് ഭീഷണി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Karnataka.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 08:21 PM | 1 min read

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ബെംഗളൂരു സൗത്ത്, മാണ്ഡ്യ, മടിക്കേരി, മംഗളൂരു എന്നീ ജില്ലാ കോടതികൾക്കും കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിനുമാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്.


കോടതി സമുച്ചയങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെത്തുടർന്ന് സംസ്ഥാന വ്യാപകമായി കോടതികളിൽ കനത്ത സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കോടതികളുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയത്.


12 ആർഡിഎക്സ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിമിഷങ്ങൾക്കുള്ളിൽ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. വിവരമറിഞ്ഞയുടൻ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കോടതി സമുച്ചയങ്ങൾ ഒഴിപ്പിച്ചു.


തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. ഒരേ സമയം വിവിധ നഗരങ്ങളിലെ കോടതികളെ ലക്ഷ്യം വെച്ച് ഭീഷണി എത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.


സംഭവത്തിൽ കേസെടുത്ത പൊലീസ്, ഇമെയിലിന്റെ ഐപി അഡ്രസ്സും ഉറവിടവും കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടി. മുൻകരുതൽ നടപടിയായി എല്ലാ കോടതി സമുച്ചയങ്ങളിലും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home