ഡിഎംകെ എംപിമാർക്ക് ലോക്‌സഭയിൽ പ്രത്യേക ഇരിപ്പിടം വേണമെന്ന് കനിമൊഴി

കെ കനിമൊഴി (Photo: ANI)
ന്യൂഡൽഹി: ലോക്‌സഭയിലെ ഡിഎംകെ അംഗങ്ങളുടെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കെ കനിമൊഴി സ്പീക്കർക്ക് കത്തയച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ച സാഹചര്യത്തിൽ, ഡിഎംകെ അംഗങ്ങൾ കോൺഗ്രസ് എംപിമാർക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്ന് കത്തിൽ കനിമൊഴി വ്യക്തമാക്കി.
ഡിഎംകെ പാർലമെന്ററി പാർടി അംഗങ്ങൾക്ക് സഭയിൽ പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. ജനപ്രതിനിധികൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ സ്വതന്ത്രമായ ഇരിപ്പിട ക്രമീകരണം ആവശ്യമാണ്. കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചതിനാൽ നിലവിലെ രീതി തുടരുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു.
തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ദേശീയ തലത്തിലും പ്രതിഫലിക്കുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ വിജയ്‍യുടെ ടിവികെയ്ക്ക് കോൺഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ നീക്കം. ലോക്‌സഭാ സ്പീക്കറുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കനിമൊഴി പറഞ്ഞു.










0 comments