Deshabhimani

സിജെപി സ്വതന്ത്ര സംഘടനയായി തുടരും; ഇന്ത്യ കൂട്ടായ്മയ്ക്കെതിരല്ല, പോരാട്ടം ഒരേ ലക്ഷ്യത്തിന്: അഭിജീത് ദീപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Oct 14, 2026, 09:32 AM | 2 min read

ന്യൂഡൽഹി: സിജെപി സ്വതന്ത്ര സമ്മർദസംഘമാണെന്നും അങ്ങനെതന്നെ തുടരുമെന്നും അഭിജീത് ദീപ്കെ. എന്നാൽ അതിനർഥം ഇന്ത്യ സഖ്യത്തിനെതിരാണ് എന്നല്ലെന്നും പോരാട്ടം ഒരേ ലക്ഷ്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.


സിജെപിയും ഇന്ത്യ സഖ്യവും ഒരേ ആവശ്യങ്ങൾക്കുവേണ്ടിയാണ് പ്രക്ഷോഭം നടത്തുന്നതെന്നും പൊതുലക്ഷ്യത്തിൽ ഇരുകൂട്ടരും ഒരുമിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ സ്വതന്ത്ര സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നതാണ് സിജെപിയുടെ നിലപാട്.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടികയിലെഎസ്ഐആർ പിൻവലിക്കലും ആവശ്യപ്പെട്ട് സിജെപിയും ഇന്ത്യ സഖ്യവും ഡൽഹിയിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സംഘടനകളുടെ ബന്ധത്തെക്കുറിച്ചുള്ള വിശദീകരണം. ഒരേ ആവശ്യങ്ങൾ ഉയർത്തുമ്പോഴും സിജെപിയും കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും വെവ്വേറെ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എന്നാൽ ഇവ പരസ്പരവിരുദ്ധമായ സമരങ്ങളല്ലെന്ന നിലപാടാണ് ഇരുവിഭാഗങ്ങളും മുന്നോട്ടുവയ്ക്കുന്നത്.


സിജെപിയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ നിലവിൽ പദ്ധതിയില്ലെന്നും ജനകീയ വിഷയങ്ങളിൽ സ്വതന്ത്ര സമ്മർദസംഘമായി പ്രവർത്തിക്കുമെന്നും ദീപ്കെ നേരത്തെയും വ്യക്തമാക്കിയിരുന്നു. ആ​ഗസ്തിൽ മഹാരാഷ്ട്രയിൽ നടന്ന സംഘടനയുടെ യോഗത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്നതോടൊപ്പം മറ്റു സംഘടനകളുടെ സമരങ്ങളെയും പിന്തുണയ്ക്കാനാണ് സിജെപിയുടെ തീരുമാനം.


അതേസമയം, ജന്തർമന്തറിൽ ദേശീയ പതാകയേന്തി പ്രതിഷേധിച്ച സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നടപടി. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധത്തിന് പ്രവേശിച്ചതും നിരോധന ഉത്തരവുകൾ ലംഘിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഒക്ടോബർ പത്തിന് ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയക്കുകയാണുണ്ടായത്.


നേതാക്കളെ റിമാൻഡ് ചെയ്ത നടപടിക്കെതിരെ ദീപ്കെ രൂക്ഷമായി പ്രതികരിച്ചു. ജന്തർമന്തറിൽ ദേശീയ പതാക ഉയർത്തിയതാണ് നേതാക്കൾ ചെയ്ത കുറ്റമെങ്കിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെയും സിജെപി പ്രതിഷേധം തുടരുകയാണ്. രാംലീല മൈതാനം ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളാണ് ഡൽഹി പൊലീസ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home