കോൺഗ്രസ് എംപി കൂടിയായ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി: പുറത്താക്കി ജെഎൻയു

ന്യൂഡൽഹി: വിദ്യാർഥിനികളെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് ലോക്‌സഭാ എംപിയും അധ്യാപകനുമായ ഡോ. അൻഗോംച ബിമൊൽ അകോയിജത്തെ ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) സർവീസിൽനിന്ന് പുറത്താക്കി. സർവകലാശാലയുടെ ഇന്റേണൽ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെയും ശിക്ഷാനടപടി സ്വീകരിക്കണമെന്ന ശുപാർശയുടെയും അടിസ്ഥാനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ഡി പണ്ഡിറ്റാണ് പുറത്താക്കൽ ഉത്തരവിറക്കിയത്.
മണിപ്പൂരിലെ കോൺഗ്രസ് ജനപ്രതിനിധിയായ അൻഗോംച ബിമൊൽ അകോയിജം ജെഎൻയു സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസ് വിഭാഗം പ്രൊഫസറാണ്. ഒരുമാസം മുൻപാണ് വിദ്യാർഥിനികൾ ഐസിക്ക് പരാതി നൽകിയത്.
ക്ലാസ് മുറികളിൽ അനുചിതമായ പരാമർശങ്ങൾ നടത്തുക, പൊതു കൂട്ടായ്മകളിൽ വച്ച് അപമര്യാദയായി പെരുമാറുക, അക്കാദമിക് ഇടപഴകലുകൾക്കിടെ മോശമായി സമീപിക്കുക തുടങ്ങിയവ ചൂണ്ടിക്കാട്ടി 11 വിദ്യാർഥിനികളാണ് സർവകലാശാലാ പാനലിന് പരാതി നൽകിയത്. വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികതാൽപര്യത്തോടെ സമീപിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. വൈവ പരീക്ഷയ്ക്ക് ശേഷം വിദ്യാർഥിനി നൽകിയ പരാതിക്ക് പിന്നാലെയാണ് മറ്റ് വിദ്യാർഥികളും അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തുവന്നത്.
സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) ഇടപെടുകയും സർവകലാശാലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് അൻഗോംച ബിമൊൽ അകോയിജം അവകാശപ്പെട്ടു.









0 comments