പൂർണ സംസ്ഥാന പദവി വേണമെന്ന് പ്രമേയം; കശ്മീർ നിയമസഭയിൽ പ്രതിഷേധം

ശ്രീനഗർ : ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് കശ്മീർ നിയമ സഭയിൽ പ്രതിഷേധം. ബഹളങ്ങളെത്തുടർന്ന് വെള്ളിയാഴ്ച നിയമസഭാ നടപടികൾ തടസ്സപ്പെട്ടു. സ്വയംഭരണാധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000 ജൂണിലും, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2024 നവംബറിലും സഭ പാസാക്കിയ രണ്ട് പ്രമേയങ്ങളെയും ഇന്ന് അവതരിപ്പിച്ച പ്രമേയത്തിൽ പരാമർശിച്ചു. ബിജെപി നിയമസഭാംഗങ്ങൾ പ്രമേയത്തെ എതിർത്ത് സഭയുടെ നടുത്തളത്തിലിറങ്ങുകയും പ്രമേയത്തിന്റെ പകർപ്പുകൾ കീറിക്കളയുകയും ചെയ്തു. പ്രമേയം “ദേശവിരുദ്ധം” ആണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
പ്രതിഷേധം രൂക്ഷമായതോടെ സ്പീക്കർ അബ്ദുൽ റഹീം റാത്തർ സഭ അരമണിക്കൂർ നിർത്തിവച്ചു. സഭ പിരിഞ്ഞതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പ്രമേയത്തിൽ "ദേശവിരുദ്ധമായ" എന്തെങ്കിലും ഭാഗമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബിജെപിയെ വെല്ലുവിളിച്ചു. പുതിയ പ്രമേയത്തിന്റെ ലക്ഷ്യം പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം മാത്രമാണെന്നും പഴയ പ്രമേയങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments