ശല്യം ചെയ്തത് ചോദ്യം ചെയ്തു; യുവതിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് ആക്രമണം

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. വഴിയോരത്ത് കട നടത്തുന്ന യുവതിയുടെ ദേഹത്ത് അയൽവാസി തിളച്ച എണ്ണയൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ധൻബാദിലെ ബാഗ്മര മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രതിയായ സുബോധ് മണ്ഡൽ എന്നയാൾ യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയുണ്ട്. സംഭവം നടന്ന ദിവസം യുവതി തന്റെ ഭക്ഷണശാലയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പ്രതി വീണ്ടും ശല്യപ്പെടുത്താനെത്തി.
ഇതിനെ ശക്തമായി എതിർത്തതോടെ പ്രകോപിതനായ പ്രതി, അടുപ്പിലിരുന്ന തിളച്ച എണ്ണയെടുത്ത് യുവതിയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ മുഖത്തും കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ജാർഖണ്ഡിലെ ക്രമസമാധാന നിലയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും കർശന നടപടി സ്വീകരിക്കുമെന്നും ബാഗ്മര പൊലീസ് അറിയിച്ചിട്ടുണ്ട്.










0 comments