ട്രെയിനിൽ യാത്രക്കാരെ തോക്കുചൂണ്ടി പേടിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

റാഞ്ചി: ട്രെയിനിൽ യാത്രക്കാരെ തോക്കുചൂണ്ടി പേടിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. ജാർഖണ്ഡിലാണ് സംഭവം. റാഞ്ചിയിലെ ബരിയാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലെ സർതാജ് സ്വദേശികളായ അകീബ് ഖാൻ (21), റെഹാൻ ഖാൻ (20) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഹൗറ-ഹതിയ ക്രിയാ യോഗ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ആർപിഎഫ് പറഞ്ഞു.
അകീബിനെതിരെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾ അനധികൃത ആയുധ വിതരണ സംഘത്തിലെ അംഗങ്ങളാണ്. ടാറ്റ നഗറിൽ നിന്ന് ശേഖരിക്കേണ്ടിയിരുന്ന ആയുധങ്ങൾ വൈകിയെത്തിയതിനാൽ കൈപ്പറ്റാൻ കഴിയാതെ വന്നതോടെയാണ് ഇവർ ട്രെയിനിന്റെ ജനറൽ കോച്ചിൽ കയറിയതെന്നും പൊലീസ് വ്യക്തമാക്കി.
യാത്രയ്ക്കിടയിൽ പ്രതികളിലൊരാൾ നാടൻ പിസ്റ്റൾ കാണിച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും മറ്റേയാൾ അസഭ്യം പറയുകയും ചെയ്തു. യാത്രക്കാരി വിവരം അറിയിച്ചതിനെത്തുടർന്ന് അടുത്ത കോച്ചിലുണ്ടായിരുന്ന ആർപിഎഫ് സംഘം ഉടൻ ഇടപെട്ട് പ്രതികളെ പിടികൂടുകയായിരുന്നു. ട്രെയിൻ റാഞ്ചി സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികളെ റെയിൽവേ പൊലീസിന് (GRP) കൈമാറി. ഇവരിൽ നിന്ന് ഒരു നാടൻ പിസ്റ്റളും ഒരു വെടിയുണ്ടയും പൊലീസ് പിടിച്ചെടുത്തു.










0 comments