Deshabhimani

ജന്തർ മന്തറിൽ ഇനി സമരം അനുവദിക്കില്ല; പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി കേന്ദ്രം

Jantar Mantar
വെബ് ഡെസ്ക്

Published on Oct 12, 2026, 02:21 PM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ പ്രതിഷേധവേദിയായ ജന്തർ മന്തറിനെ ഔദ്യോഗിക സമരസ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പൊലീസാണ് ജന്തർ മന്തറിന്റെ അംഗീകാരം പിൻവലിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് തീരുമാനം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തും നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സമരങ്ങൾ തടയാൻ ശ്രമിച്ചിട്ടും പ്രതിഷേധക്കാർ പിന്മാറാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.


ജന്തർ മന്തറിന് പകരം ഡൽഹിയിലെ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചത്. സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ഈ സ്ഥലങ്ങളിൽ അനുമതി നൽകും. പുതിയ വേദികളിൽ സമരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കും.


പാർലമെന്റിനും പ്രധാന സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതോടെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ നേരിട്ട് പ്രതിഷേധമെത്തിക്കാനുള്ള അവസരമാണ് പരിമിതപ്പെടുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് നടപടികൾ ശക്തമായിരിക്കെയാണ് പുതിയ തീരുമാനം.


പതിറ്റാണ്ടുകളായി രാജ്യത്തെ പ്രധാന ജനകീയ പ്രക്ഷോഭങ്ങളുടെ കേന്ദ്രമാണ് ജന്തർ മന്തർ. കേന്ദ്രസർക്കാരുകളുടെ നയങ്ങൾക്കെതിരെയും വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചും നിരവധി സമരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. പാർലമെന്റിനും കേന്ദ്ര ഭരണസിരാകേന്ദ്രങ്ങൾക്കും സമീപമുള്ള ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് തലസ്ഥാനത്തെ പ്രതിഷേധങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാക്കും. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ അവയുടെ വേദിതന്നെ മാറ്റുന്ന നടപടി ജനാധിപത്യപരമായ സമരാവകാശത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.


എസ്ഐആറിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തർ കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങൾക്കുനേരെ ഡൽഹി പൊലീസ് വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒക്ടോബർ 10ന് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് അനുമതി നിഷേധിക്കുകയും നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home