Deshabhimani

ജന്തർ മന്തറില്‍ ഇന്റർനെറ്റ് വിച്ഛേദിച്ചു, മെട്രോയും റോഡുകളും അടച്ചു; രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരമ്പുന്നു

Jantar Mantar
വെബ് ഡെസ്ക്

Published on Oct 02, 2026, 11:45 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കും വോട്ടർപട്ടിക തിരിമറിക്കുമെതിരെ ഡൽഹി ജന്തർ മന്തറിലേക്ക് വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തിയ പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രം. പ്രതിഷേധ മാർച്ചിനെ തുടർന്ന് ജന്തർ മന്തർ മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.


ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളും റോഡുകളും അടച്ചു. ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, സേവാ തീർഥ്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐഎൻഎ, ചൗരി ബസാർ, രാമകൃഷ്ണ ആശ്രമ മാർഗ്, ന്യൂഡൽഹി എന്നിവയുൾപ്പെടെ 11 മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ അടച്ചു.


ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, സേവാ തീർത്ഥ്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ് എന്നീ സമീപ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന പാതകളിലും കൂറ്റൻ ബാരിക്കേഡുകൾ ഉയർത്തി പ്രദേശം പൂർണമായും ഉപരോധിച്ചെങ്കിലും, വിലക്കുകൾ കാറ്റിൽപ്പറത്തി പ്രക്ഷോഭകർ തെരുവിലിറങ്ങി.


പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും നിരവധിയേറെ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അശോക് റോഡിലൂടെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസ് വഴിമധ്യേ തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163-ാം വകുപ്പ് പ്രകാരം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും, വോട്ടർപട്ടിക പരിഷ്കരണത്തിന്റെ മറവിൽ നടക്കുന്ന ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തത്. കടുത്ത പൊലീസ് പ്രതിരോധത്തിനിടയിലും വൻ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് ഇരമ്പുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home