ഒരിഞ്ച് പിന്നോട്ടില്ല


എം വി ഗോവിന്ദൻ
Published on Oct 11, 2026, 01:00 AM | 2 min read
ഇന്ത്യയെ സംരക്ഷിക്കാനുള്ള മഹാപോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. രാജ്യത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും വീണ്ടെടുക്കാനുള്ള പോരാട്ടം. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതിന് നേതൃത്വംനൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകളും സിജെപിയും ജന്തർമന്തറിൽ ആഹ്വാനം ചെയ്‌ത പ്രക്ഷോഭത്തെ അത്രിക്രൂരമായാണ് മോദിസർക്കാർ അടിച്ചമർത്തുന്നത്. അസാധാരണമായ പ്രക്ഷോഭത്തിനാണ് ശനിയാഴ്‌ച ഡൽഹി സാക്ഷ്യം വഹിച്ചത്.
പ്രതിഷേധിക്കാനെത്തിയവരെയെല്ലാം പൊലീസ് ക്രൂരമായി നേരിട്ടു. സുപ്രീംകോടതി നിർദേശത്തെപോലും കാറ്റിൽപറത്തി ഡൽഹിയെ മുഴുവൻ തടങ്കൽ പാളയമാക്കികൊണ്ടാണ് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചത്. ഡൽഹി പൊലീസിനെയും കാൽലക്ഷത്തിലേറെ അർധസെൈനികരെയും അണിനിരത്തികൊണ്ട് ജന്തർമന്തറിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന എകാധിപത്യ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിശക്തമായ പൊലീസ് സുരക്ഷയ്ക്കിടയിലും ജന്തർമന്തറിലേക്ക് മാർച്ച് ചെയ്യാൻ സിപിഐ എം മുന്നോട്ടുവന്നു. കേരള ഹൗസിൽനിന്ന് പുറത്തിറങ്ങിയ നേതാക്കളെ നൂറുകണക്കിന് പൊലീസുകാർ വളഞ്ഞിട്ട് ശക്തമായ ബലപ്രയോഗത്തിലൂടെയാണ് നേരിട്ടത്. ജനറൽ സെക്രട്ടറി എം എ ബേബിയെ പൊലീസുകാർ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. മരുന്നും ഭക്ഷണവും പോലും നൽകാതെ മണിക്കുറുകളോളം നഗരത്തിലുടെ കറക്കി.
ലോക്കപ്പ് വാനിൽ കയറ്റി ഏറെ നേരം നഗരത്തിലുടെ ചുറ്റിതിരിഞ്ഞശേഷമാണ് കീലോമീറ്റർ അകലെയുള്ള സുഭാഷ് നഗർ പൊലീസ് സ്‌റ്റേഷനിലേക്ക് ഞങ്ങളെ എത്തിച്ചത്. വാഹനത്തിനകത്തെ, നാലുപേർക്ക് പോലും ഇരിക്കാൻ കഴിയാത്ത ലോക്കപ്പ് പോലുള്ള അറകളിലാണ് ഇരുത്തിയത്. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി പോരാട്ടത്തിനിറങ്ങിയ സിപിഐ എം നേതാക്കളെയും ജനപ്രതിനിധികളെയും ഉൾപ്പെടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ കിരാതമായ സാഹചര്യമാണ് ഡൽഹിയിലുള്ളത്. വലിയ തോതിലുള്ള പ്രതിഷേധമാണ് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിലും നടക്കുന്നത്. വിദ്യാർഥികളെയും യുവാക്കളെയും യുദ്ധമുഖത്ത് ശത്രുരാജ്യത്തെ സൈനികരെ നേരിടുന്ന പോലെയാണ് നേരിട്ടത്. നിരവധിപേരെ ക്രൂരമായി മർദിച്ചു. ബിജെപി ക്രിമിനൽ സംഘത്തെ പോലെയാണ് ഡൽഹി പൊലീസ് പെരുമാറുന്നത്. കസ്റ്റഡിയിലെടുത്ത ആരെയും വിട്ടയക്കാതെ കരുതൽ തടങ്കലിലാക്കി. സമരത്തെ തകർക്കാൻ ഇടതുപക്ഷ നേതാക്കളെ മനുഷ്യത്വരഹിതമായി വേട്ടയാടുകയാണ്.
ആർഎസ്‌എസ് ആസൂത്രണം ചെയ്യുന്ന സംവിധാനമാണ് ഇവിടെ മോദി– അമിത് ഷാ സഖ്യം നടപ്പിലാക്കുന്നത്. ക്രൂരമായ മർദനമുറകൾകൊണ്ടോ അറസ്റ്റും തടങ്കലുംകൊണ്ടോ രാജ്യത്താകെ അലയടിച്ചുയരുന്ന പോരാട്ടത്തെ തളർത്താനാകില്ല. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദി–അമിത് ഷാ കൂട്ടുകെട്ടിനെതിരെയും ജനാധിപത്യ സംരക്ഷണത്തിനായും ഇനിയും അതിശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരും. ജനാധിപത്യ സംവിധാനത്തെ തകർക്കാൻ ഇന്ത്യൻ ജനത ഒരിക്കലും അനുവദിക്കില്ല. പുതിയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഇടതുപക്ഷം മുന്നിലുണ്ടാവും. എത്ര അടിച്ചമർത്തലുകളെ നേരിട്ടാലും ഒരിഞ്ചുപോലും പുറകോട്ടുപോകില്ല. ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി മുന്നോട്ടുപോകും.









0 comments