ജൻ ആക്രോശ് ജാഥയ്‌ക്ക് വൻ വരവേൽപ്പ്

സിപിഐ എം പിബി അംഗം വിജൂ കൃഷ്ണന്റെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ നടക്കുന്ന ജൻ ആക്രോശ് ജാഥയിൽനിന്ന്

സ്വന്തം ലേഖകൻ
Published on Mar 13, 2026, 07:34 AM | 1 min read
ന്യൂഡൽഹി:
സിപിഐ എമ്മിന്റെ ജൻ ആക്രോശ് ജാഥകൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ വരവേൽപ്പ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 24ന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന ജനകീയ റാലിക്ക് മുന്നോടിയായാണ് ജാഥകൾ സംഘടിപ്പിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ജാഥ.
പിബി അംഗം വിജൂ കൃഷ്ണൻ നേതൃത്വം വഹിക്കുന്ന ഉത്തരാഖണ്ഡിലെ ജാഥയ്‌ക്ക് ചമോലി ജില്ലയിലെ തരാലി, കർണപ്രയാഗ് എന്നിവിടങ്ങളിൽ നിന്ന് ഉൗഷ്‌മള സ്വീകരണം ലഭിച്ചു.
ആൾക്കൂട്ട ആക്രമണത്തിനിരയായി റോഷൻ ഖാത്തൂൻ കൊല്ലപ്പെട്ടതിൽ കർശന നിയമനടപടിയെടുക്കണമെന്ന് അശോക് ധാവ്‌ളെയുടെ നേതൃത്വത്തിൽ ബിഹാറിൽ നടക്കുന്ന ജാഥ ആവശ്യപ്പെട്ടു. ജാഥയ്ക്ക് മധുബനിയിലെ ബിസ്‌ഫി, റാന്തി, ഫുൽപാരസ് ജില്ലയിൽ ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്.
സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് രാജസ്ഥാനിൽ നടന്ന ജാഥയിൽ പങ്കെടുത്തു.
ഉദയ്‌പൂരിലെ ആദിവാസി ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട വിഷയത്തെ ജാഥയിൽ ബൃന്ദ അഭിസംബോധന ചെയ്തു. ബൃന്ദയുടെ നേതൃത്വത്തിൽ തഹസിൽദാരെ കണ്ട് പട്ടയം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്‌മീർ എന്നിവടങ്ങളിലും ജാഥ പുരോഗമിക്കുകയാണ്.










0 comments