മദ്രസ അധ്യാപകന്റെ ക്രൂരമർദനം; പേടിച്ചോടിയ 9 വയസ്സുകാരനെ 30 കിലോമീറ്റർ അകലെ കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മദ്രസ അധ്യാപകൻ ക്രൂരമായി മർദിച്ചതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട ഒമ്പത് വയസ്സുകാരനെ 30 കിലോമീറ്റർ അകലെ കണ്ടെത്തി. ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നതിനിടെ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ കമ്മിറ്റി ചികിത്സയും കൗൺസിലിങും നൽകി.
മദ്രസയിൽ കുട്ടികളെ ഇത്തരത്തിൽ മർദിക്കുന്നത് പതിവാണെന്നും മറ്റു കുട്ടികളും പല കാരണങ്ങൾ പറഞ്ഞ് മർദിക്കപ്പെടാറുണ്ടെന്നും കുട്ടി മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ അറിയിച്ചു. പ്രതിയായ അധ്യാപകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച ബാലാവകാശ പ്രവർത്തകർ പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്കെതിരായ പീഡന കേന്ദ്രങ്ങളായി മാറാൻ അനുവദിക്കരുതെന്നും അവർ പറഞ്ഞു.









0 comments