കാലാവസ്ഥാ ബജറ്റ് വേണം; ജമ്മു കശ്മീരിൽ 'കേരള മോഡൽ' നടപ്പാക്കണമെന്ന് എം വൈ തരിഗാമി

ശ്രീനഗർ: പരിസ്ഥിതിലോലമായ ജമ്മു കശ്മീരിന്റെ സംരക്ഷണത്തിനായി കേരളം പിന്തുടരുന്ന രീതിയിൽ പ്രത്യേക 'കാലാവസ്ഥാ ബജറ്റ്' നടപ്പിലാക്കണമെന്ന് സിപിഐ എം നേതാവും എംഎൽഎയുമായ മുഹമ്മദ് യുസഫ് തരിഗാമി. ജമ്മു കശ്മീർ നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കവേയാണ് തരിഗാമി ഈ ആവശ്യം ഉന്നയിച്ചത്.
കാലാവസ്ഥാ വ്യതിയാനം കശ്മീരിന്റെ വികസനത്തെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് വകയിരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ ആഘാതങ്ങൾ നേരിടാൻ കേരളവും ഒഡീഷയും പ്രത്യേക ബജറ്റ് വിഹിതം മാറ്റിവെക്കുന്നത് മാതൃകാപരമാണ്. കശ്മീരിലും സമാനമായ രീതിയിൽ പ്രത്യേക കാലാവസ്ഥാ നയവും സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കം, വരൾച്ച, അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച എന്നിവ കാർഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ദുരിതാശ്വാസത്തിനായി വീണ്ടും വീണ്ടും പണം ചിലവഴിക്കുന്നതിന് പകരം, അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വനസംരക്ഷണം, നദീതട സംരക്ഷണം എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകണമെന്നും തരിഗാമി ആവശ്യപ്പെട്ടു.











0 comments