യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ
നിരന്തരം ഭീകരതയിൽ ഏർപ്പെടുന്നവരുടെ വാദം നിലനിൽക്കില്ല

വിദേശമന്ത്രി എസ് ജയ്ശങ്കൾ യുഎൻ പൊതുസഭയിൽ സംസാരിക്കുന്നു
ന്യൂയോർക്ക്: ഐക്യരാഷ്ട്ര പൊതുസഭയിൽ പാകിസ്ഥാൻ ഉയർത്തിയ വാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരതയെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നവരുടെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വിദേശമന്ത്രി എസ് ജയ്‌ശങ്കർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളെ സാധാരണവൽകരിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാൻ പൂർണ അവകാശമുണ്ടെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പേരെടെുത്തു പറയാതെ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തുടർച്ചയായി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു രാജ്യം ഇന്നലെ ഈ സഭയിൽ വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിച്ചു. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് സംരക്ഷണം നേടാനുമുള്ള വാദങ്ങളാണ് ഉന്നയിച്ചത്. അത്തരം വാദങ്ങൾ നിലനിൽക്കില്ല. ഭീകരതയെ പ്രതിരോധിക്കാനുള്ള ഞങ്ങളുടെ അവകാശം വിനിയോഗിക്കുകതന്നെ ചെയ്യും. ഭീകരവാദവും സൗഹൃദവും സഹകരണവും ഒത്തുപോകില്ല; അത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ധാരണകൾ സ്വാഭാവികമായും ചോദ്യംചെയ്യപ്പെടും. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ തന്നെയാണ് നിലപാടുകൾ തിരുത്തേണ്ടത്’– ജയ്‌ശങ്കർ പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി നയതന്ത്ര ചർച്ചകൾക്ക് തയ്യാറല്ലെന്ന കർശന നിലപാട് ഇന്ത്യ ആവർത്തിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദികൾ തങ്ങളുടെ വഴി തിരുത്താൻ തയ്യാറാകണം. ലോകസമാധാനത്തിന് ഭീഷണിയാകുന്ന നിലപാടുകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ജയ്ശങ്കർ യുഎൻ വേദിയിൽ ആവശ്യപ്പെട്ടു.









0 comments