'ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും കോടികള്‍ വിലയുള്ള ഫ്ലാറ്റുകൾ വേണം'; സ്ത്രീധന പീഡനത്താൽ ഐടി ജീവനക്കാരി ജീവനൊടുക്കി

പൂനെ: ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിൽ 33കാരിയും ഐടി എൻജിനീയറുമായ തൃഷ്ണ രാഹുൽ സക്പാൽ ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു.
തൃഷ്ണയുടെ പിതാവ് ബാലകൃഷ്ണ നികം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. 2018ലായിരുന്നു തൃഷ്ണയുടെയും രാഹുൽ സക്പാലിന്റെയും വിവാഹം. വിവാഹശേഷം തൃഷ്ണയുടെ മുഴുവൻ ശമ്പളവും കൈമാറണമെന്നും, ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റ് ഭർതൃമാതാവിന്റെ പേരിലേക്ക് മാറ്റിനൽകണമെന്നും, ഭർതൃപിതാവിന് ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ കടുത്ത സമ്മർദത്തിലാക്കിയിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു.
ശാരീരിക ഉപദ്രവത്തെ തുടർന്ന് മനംനൊന്ത് 2021ൽ തൃഷ്ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഭർത്താവ് രാഹുൽ പുനർവിവാഹത്തിനായി വിവാഹമോചന കേസ് ഫയൽ ചെയ്തു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. സെപ്റ്റംബർ 29നാണ് തൃഷ്ണ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.
പൊലീസ് കണ്ടെടുത്ത തൃഷ്ണയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവ് രാഹുൽ, ഭർതൃമാതാവ് വൈശാലി, ഭർതൃപിതാവ് സഞ്ജയ്, നാത്തൂൻ ഷൈലി, ഭർതൃപിതാവിന്റെ അമ്മ ശകുന്തള സാലുങ്കെ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചുപേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പൂനെയിൽ കഴിഞ്ഞ മാസവും സമാനമായ രീതിയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഒരു യുവതി ജീവനൊടുക്കിയിരുന്നു. വൈഷ്ണവി പ്രവീൺ ജാറാണ്ഡെ എന്ന 23കാരിയായ ടെക്കിയാണ് വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ ജീവനൊടുക്കിയത്. ഓംകാർ സഞ്ജയ് ഗിസാരെയായിരുന്നു വൈഷ്ണവിയുടെ ഭർത്താവ്.
വിവാഹ ആവശ്യങ്ങൾക്കായി വൈഷ്ണവിയുടെ കുടുംബം 45 ലക്ഷത്തോളം രൂപ ചെലവഴിക്കുകയും 10 പവനോളം സ്വർണം നൽകുകയും ചെയ്തിരുന്നു. എന്നാൽ, കാർ വാങ്ങുന്നതിനായി 5 ലക്ഷം രൂപ കൂടി അധികം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും വൈഷ്ണവിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.









0 comments