print edition സ്വകാര്യവൽക്കരണമില്ലെന്ന് ഐഎസ്ആർഒ

ന്യൂഡൽഹി: സ്വകാര്യവൽക്കരിക്കില്ലെന്നും സ്ഥാപനത്തിന്റെ പ്രാധാന്യം കുറയില്ലെന്നും അവകാശപ്പെട്ട് ഐഎസ്ആർഒ. സ്വകാര്യവൽക്കരണ നീക്കത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ രംഗത്തുവന്നതിന് പിന്നാലെയാണ് ഐഎസ്ആർഒ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
ബഹിരാകാശ മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഐഎസ്ആർയുടെ പ്രാധാന്യം കുറയ്ക്കുന്നതിനല്ല. അടുത്തഘട്ടം ബഹിരാകാശ പദ്ധതികളിലേക്ക് ഐഎസ്ആർഒ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമാണ്. ബഹിരാകാശ മേഖലയിൽ 2020 മുതൽ പരിഷ്കാരങ്ങൾക്ക് തുടക്കമായി. 2023 ലെ ബഹിരാകാശ നയത്തിലൂടെ ഇത് സ്ഥാപനവൽക്കരിക്കുകയും ചെയ്തു. ഒപ്പം ഉദാരമായ വിദേശനിക്ഷേപ നയത്തിനും തുടക്കമായി. ഇന്ത്യൻ ബഹിരാകാശ മേഖലയെ കൂടുതൽ വിപുലവും ശക്തവും ആഗോളതലത്തിൽ മത്സരക്ഷമമാക്കുന്നതിനുമാണ് ഇൗ നടപടികളെന്ന് കുറിപ്പില് അവകാശപ്പെടുന്നു.
വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും അക്കാദമിക്ക് പ്രതിഭകളെയുമെല്ലാം ബഹിരാകാശ മൂല്യശ്രംഖലയിൽ പങ്കാളികളാകുന്നത് ഐഎസ്ആർഒയുടെ ശേഷി വർധിപ്പിക്കലിന്റെ ഭാഗമായാണ്. അല്ലാതെ സ്വകാര്യവൽക്കരണമല്ല. പല സാങ്കേതികതകളും ഐഎസ്ആർഒ ഇതിനോടകം വ്യവസായങ്ങൾക്ക് കൈമാറി കഴിഞ്ഞു. വിശാലമായ ഉൽപ്പാദനത്തിനും കച്ചവടത്തിനും നൂതനമായ മാറ്റങ്ങൾക്കും ഇത് വഴിയൊരുക്കും. ഒപ്പം ആഗോള വിപണിയും ലഭ്യമാകും. ഐഎസ്ആർഒയുടെ ശാസ്ത്ര– സാങ്കേതിക ആൾശേഷി പൂർണമായും അത്യാധുനിക ഗവേഷണം, നൂതന സാങ്കേതികതകൾ, സങ്കീർണമായ ദേശീയ ദൗത്യങ്ങൾ എന്നിവയിലേക്ക് കേന്ദ്രീകരിക്കുന്നതിനും ഇത് സഹായകമാണ്. ഐഎസ്ആർഒയുടെ നേതൃത്വത്തിലുള്ള ദേശീയ ബഹിരാകാശ സംവിധാനത്തിലേക്കുള്ള മാറ്റം കൂടിയാണിത്.
ശാസ്ത്ര വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ ഐഎസ്ആർഒയുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടും. ആധൂനിക ഗവേഷണ– വികസനം, അത്യാധൂനിക സാങ്കേതികതകൾ, മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശയാത്ര, അടുത്ത തലമുറ വിക്ഷേപണ സംവിധാനങ്ങൾ, ഡീപ് സ്പേസ്, വിവിധ ഗ്രഹങ്ങളുടെ പര്യവേക്ഷണം, തന്ത്രപരമായ ദേശീയ ദൗത്യങ്ങൾ എന്നിവ കൂടുതലായി ഏറ്റെടുക്കും.ഭൗമ നിരീക്ഷണം, സെൻസറുകൾ, പ്രൊപ്പൽഷൽ സംവിധാനങ്ങൾ, വാർത്താവിനിമയത്തിനും മറ്റുമായുള്ള ആധൂനിക ഉപഗ്രഹങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ തുടർന്നും സജീവമായി നിലകൊള്ളും. അതേ സമയം പാകമായ നിർമ്മാണ സംവിധാനങ്ങൾ മറ്റ് വ്യവസായങ്ങൾക്ക് കൈമാറി ഉൽപ്പാദിപ്പിക്കും. വിക്ഷേപണ വാഹനങ്ങൾ, സാധാരണ ഉപഗ്രഹങ്ങൾ, മറ്റ് വ്യവസ്ഥാപിത സംവിധാനങ്ങൾ എന്നിവ കൂടുതലായും മറ്റ് വ്യവസായങ്ങളിലൂടെതും പൊതുമേഖലാ സ്ഥാപനങ്ങളിലൂടെയും ഉചിതമായ മൽസരപ്രക്രിയയിലൂടെ ഉൽപ്പാദിപ്പിക്കും–ഐഎസ്ആർഒ അറിയിച്ചു.









0 comments