ലോകത്തെ ഏറ്റവും മലിനമായ നഗരം യുപിയിലെ ലോണി, തലസ്ഥാനങ്ങളിൽ ഡൽഹി ഒന്നാമത്

ന്യൂഡൽഹി: ആഗോള വായു ഗുണനിലവാര റിപ്പോർട്ടിൽ ഇന്ത്യക്ക് ആശങ്ക. സ്വിസ് സംഘടനയായ ഐക്യു എയർ (IQAir) പുറത്തുവിട്ട 2025-ലെ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഉത്തർപ്രദേശിലെ ലോണി മാറി. ഗാസിയാബാദിന് സമീപമുള്ള ഈ കൊച്ചു നഗരത്തിലെ വായു മലിനീകരണ തോത് ലോകാരോഗ്യ സംഘടന (WHO) നിശ്ചയിച്ച സുരക്ഷിത പരിധിയേക്കാൾ 22 മടങ്ങ് കൂടുതലാണ്. 112.5 മൈക്രോഗ്രാം ആണ് ലോണിയിലെ ശരാശരി PM2.5 സാന്ദ്രത.
ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ആദ്യ നാല് മലിന നഗരങ്ങളിൽ മൂന്നും ഇന്ത്യയിലാണെന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ലോണിക്ക് പുറമെ മേഘാലയയിലെ ബൈർണിഹത്ത്, ഡൽഹി എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഇത്തവണയും ന്യൂഡൽഹി തന്നെ. അയൽരാജ്യമായ പാകിസ്ഥാനാണ് ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം.
മനുഷ്യശരീരത്തിലെ രക്തപ്രവാഹത്തിലേക്കും ശ്വാസകോശത്തിലേക്കും നേരിട്ട് പ്രവേശിക്കാൻ ശേഷിയുള്ള PM2.5 കണികകളുടെ അതിപ്രസരം വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ആസ്ത്മ, ഹൃദ്രോഗം, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. നിലവിൽ ലോകത്തെ നഗരങ്ങളിൽ 14 ശതമാനം മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.










0 comments