ad
Deshabhimani

print edition തയ്‌വാൻ ട്രാവലോഗിന്
ഇന്റർനാഷണൽ ബുക്കർ

Booker
വെബ് ഡെസ്ക്

Published on May 21, 2026, 01:04 AM | 1 min read

ലണ്ടൻ : 2026ലെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരം തയ്‌വാനീസ് നോവലായ ‘തയ്‌വാൻ ട്രാവലോഗ്’ സ്വന്തമാക്കി. തയ്‌വാനീസ് എഴുത്തുകാരി യാങ് ഷുവാങ്-സി രചിച്ച നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത് ലിൻ കിങ് ആണ്. ചൈനീസ് ഭാഷയായ മാൻഡരിനിൽനിന്ന് വിവർത്തനം ചെയ്യപ്പെട്ട് ബുക്കർ നേടുന്ന ആദ്യ കൃതിയാണിത്. പുരസ്‌കാരത്തുക 50,000 പൗണ്ട് (ഏകദേശം 65 ലക്ഷം രൂപ) എഴുത്തുകാരിയും വിവർത്തകയും പങ്കിടും. യുകെയിലോ അയർലൻഡിലോ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്‌ത്‌ പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കോ ചെറുകഥാ സമാഹാരങ്ങൾക്കോ ആണ് പുരസ്‌കാരം നൽകുന്നത്.


പ്രണയവും കൊളോണിയൽവിരുദ്ധതയും നിറഞ്ഞ പ്രമേയം1930-കളിൽ ജാപ്പനീസ് അധിനിവേശത്തിലായിരുന്ന തയ്‌വാന്റെ പശ്‌ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്. ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന അയോമാ എന്ന ജാപ്പനീസ് എഴുത്തുകാരിയും അവരുടെ തയ്‌വാനീസ് വിവർത്തക ചിസുരുവും തമ്മിലുള്ള സങ്കീർണ ബന്ധമാണ് നോവലിന്റെ മുഖ്യപ്രമേയം.

അധിനിവേശകാലത്തെ അധികാര സമവാക്യങ്ങളെയും ഭാഷാപരമായ സങ്കീർണതകളെയും വിചാരണചെയ്യുന്ന ശക്തമായ ഒരു പോസ്റ്റ്-കൊളോണിയൽ നോവലാണിതെന്ന് ജൂറി വിലയിരുത്തി. പരീക്ഷണാത്മക രചനാശൈലികൊണ്ട് ശ്രദ്ധേയമായ തയ്‌വാൻ ട്രാവലോഗ് ചരിത്ര ഗവേഷണ ഡയറിയുടെ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്‌. യുഎസ്‌ നാഷണൽ ബുക്ക് അവാർഡ് (2024) ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ​​




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home