വിവാഹത്തിന് പിന്നാലെ ദളിത് യുവാവിന്റെ വീട് പൊളിച്ച് ഭാര്യയുടെ ബന്ധുക്കൾ

ഗഡ്വാൾ മണ്ഡലത്തിലെ റെപ്പള്ളി ഗ്രാമത്തിൽ പൊളിച്ചുനീക്കിയ ദളിത് യുവാവിന്റെ വീട്
ഗഡ്വാൾ: മിശ്രവിവാഹത്തിന് പിന്നാലെ ദളിത് യുവാവിന്റെ വീട് ഭാര്യയുടെ ബന്ധുക്കൾ ട്രാക്ടർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതായി പരാതി. തെലങ്കാനയിലെ ഗഡ്വാൾ മണ്ഡലത്തിലെ റെപ്പള്ളി ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ഹൈദരാബാദിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന രംഗമുനി എന്ന യുവാവും ബോയ സമുദായത്തിൽപ്പെട്ട മഹേശ്വരിയെന്ന യുവതിയും പ്രണയത്തിലായിരുന്നു. ബന്ധത്തെ കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് ഇരുവരും ബുധനാഴ്ച ഹൈദരാബാദിൽ വിവാഹിതരായി.
വിവാഹവിവരം അറിഞ്ഞതിന് പിന്നാലെ മഹേശ്വരിയുടെ ബന്ധുക്കൾ ട്രാക്ടറുമായി എത്തി രംഗമുനിയുടെ വീടിന്റെ കെട്ടിടം പൊളിച്ചതായാണ് ആരോപണം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ദിവസവേതന ജോലിക്കായി മാതാപിതാക്കൾ വീട് പൂട്ടി പുറത്തുപോയിരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഗ്രാമത്തിൽ അധിക പൊലീസ് സേനയെ വിന്യസിക്കുകയും യുവാവിന്റെ കുടുംബത്തിന് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് ഗഡ്വാൾ പൊലീസ് അറിയിച്ചു. മിശ്രവിവാഹത്തിന്റെ പേരിൽ ആക്രമണമോ സ്വത്ത് നശിപ്പിക്കലോ അനുവദിക്കില്ലെന്നും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.










0 comments