ഇൻഡോറിൽ വാക്കേറ്റം: മെട്രോ സൈറ്റിൽ യുവാവിനെ ഹിറ്റാച്ചി ഉപയോഗിച്ച് ഇടിച്ചുവീഴ്ത്താൻ ശ്രമം; വീഡിയോ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നിസ്സാരമായ തർക്കത്തെത്തുടർന്ന് യുവാവിനെ ഹിറ്റാച്ചി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമം. മെട്രോ നിർമ്മാണ സൈറ്റിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡരികിലെ തർക്കം അക്രമാസക്തമായതോടെ ഓപ്പറേറ്റർ യന്ത്രം ആയുധമാക്കുകയായിരുന്നു. മെട്രോ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അശുതോഷ് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.
ദൃശ്യങ്ങളിൽ, മെഷീന്റെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന അശുതോഷിനെ ഓപ്പറേറ്റർ എക്സ്കവേറ്ററിന്റെ ബക്കറ്റ് ഉപയോഗിച്ച് ശക്തിയായി അടിക്കാൻ ശ്രമിക്കുന്നത് കാണാം. ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അതിവേഗത്തിലാണ് പലതവണ ബക്കറ്റ് യുവാവിന് നേരെ വീശിയത്.
സംഭവത്തിൽ നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയറോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു.
പ്രതിയെയും കൃത്യം നടന്ന സ്ഥലവും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അഡീഷണൽ ഡിസിപി രാജേഷ് ദണ്ഡോതിയ പറഞ്ഞു. മേഖലയിലെ മെട്രോ നിർമ്മാണ സൈറ്റുകൾ സന്ദർശിച്ച് പ്രതിയായ ഓപ്പറേറ്ററെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.
പ്രകോപിതനായ ഓപ്പറേറ്റർ മനഃപൂർവം അശുതോഷിനെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുറ്റവാളിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.









0 comments